Skip to main content

ഉദ്ഘാടനത്തിന് ഒരുങ്ങി ഈശ്വരമംഗലം മൃഗാശുപത്രി കെട്ടിടം മെയ് 12ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

പൊന്നാനി താലൂക്കിലെ പ്രധാന മൃഗാശുപത്രിയായ ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 12ന് രാവിലെ ഒമ്പതിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. സംസ്ഥാനത്തെ മൃഗാശുപത്രി കെട്ടിടങ്ങളുടെ നവീകരണത്തിനായി മൃഗചികിത്സ സേവനം പദ്ധതി പ്രകാരം 99.90 ലക്ഷം രൂപ ചെലവഴിച്ചാണ് ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം നിർമിച്ചത്. വലിയ മൃഗങ്ങൾക്കും ചെറിയ മൃഗങ്ങൾക്കുമുള്ള ഒ.പി ബ്ലോക്ക്, വാക്‌സിനേഷൻ ബ്ലോക്ക്, ഓപ്പറേഷൻ തീയേറ്റർ, ലാബോറട്ടറി, ഫാർമസി, എമർജൻസി വെറ്റിനറി സർവീസ്, നൈറ്റ് വെറ്റിനറി സർജൻ റഫറിംഗ് ഓഫീസ്, സ്റ്റോർ റൂം, ഓഫീസ് കോംപ്ലക്‌സ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമായത്. കൂടാതെ എക്‌സ് റേ, സ്‌കാനിങ് എന്നിവക്കുള്ള മുറിയും ഒരുക്കിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ മൃഗങ്ങൾക്കുള്ള രാത്രികാല ചികിത്സയും ലഭ്യമാണ്.

 

 

date