Skip to main content

'ഒരു ബ്രാൻഡ് ഒരു രുചി': മലബാറിലെ തനത് പലഹാരങ്ങൾ ബ്രാൻഡ് ഉത്പന്നങ്ങളാക്കാനൊരുങ്ങി കുടുംബശ്രീ

മലബാറിലെ തനത് പലഹാരങ്ങൾ ബ്രാൻഡ് ഉത്പന്നങ്ങളാക്കാനൊരുങ്ങി കുടുംബശ്രീ. കുറഞ്ഞ ചെലവിൽ സാധാരണക്കാരുടെ വിശപ്പകറ്റുന്ന ജനകീയ ഹോട്ടൽ 'ഒരു ബ്രാൻഡ് ഒരു രുചി' ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂവട, നെയ്യപ്പം, കലത്തപ്പം, കാരോലപ്പം തുടങ്ങിയ തനത് രുചികളാണ് വിപണിയിലെത്തിക്കുക. അടുത്തുള്ള ജനകീയ ഹോട്ടൽ വിവരങ്ങൾ ആവശ്യക്കാരുടെ വിരൽത്തുമ്പിലെത്തിക്കാൻ 'ജനകീയ ഹോട്ടൽ ആപ്പ്' തയ്യാറാക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും ജനകീയ ഹോട്ടലുകളുടെ ലൊക്കേഷൻ, വിഭവങ്ങളുടെ വിവരങ്ങൾ, വില വിവരങ്ങൾ എന്നിവക്കൊപ്പം ഹോം ഡെലിവറി സംവിധാനവും ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും ജനകീയ ഹോട്ടൽ ഗ്യാലക്സി കൺസോർഷ്യത്തിന്റെയും നേതൃത്വത്തിൽ 'അർത്ഥം' പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജനകീയ ഹോട്ടൽ പ്രവർത്തകർക്ക് ജനകീയ ഹോട്ടലുകളുടെ ബ്രാൻഡിങ്ങും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണവും ഉൾപ്പെടുത്തി നിലമ്പൂർ, തിരൂർ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലായി വിവിധ ബാച്ചുകളായാണ് പരിശീലനം. കറിപ്പൊടികൾ, വ്യത്യസ്ത അച്ചാറുകൾ, പലഹാരങ്ങൾ എന്നിവയുടെ നിർമാണവും ആഹാരവിതരണത്തിലെ വൈവിധ്യങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസുകൾ നൽകുന്നത്.

date