Skip to main content

വയനാട്ടിലെ കൂട്ടായ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹംഃ മന്ത്രി ടി.പി. രാമകൃഷ്ണന്‍

 

    വൈത്തിരി എച്ച്.ഐ.എം യു.പി. സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പ് തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് സമാനതകളില്ലാത്ത ദുരന്തമാണുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സാധ്യമായ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സന്നദ്ധ സംഘടനകള്‍, മാധ്യമങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കുന്നത് ദുരിതത്തിന് വേഗത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്. ഇത് അഭിനന്ദനാര്‍ഹമാണ്. ഇനിയും ഒത്തിരി സഹായം എത്തിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.     വൈത്തിരി ലക്ഷം വീട് കോളനി, വട്ടവയല്‍, തളിമല എന്നീ പ്രദേശങ്ങളിലെ 35 കുടുംബങ്ങളില്‍ നിന്നുള്ള 127 പേരാണ് എച്ച്.ഐ.എം യുപി സ്‌കൂള്‍ ക്യാമ്പിലുള്ളത്. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 
    മണ്ണിടിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയാതായ വൈത്തിരി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി എച്ച്‌ഐഎം സ്‌കൂളിലെത്തിയത്. വെള്ളാരംകുന്നിലുണ്ടായ മണ്ണിച്ചില്‍പ്പെട്ട് മരിച്ച ഷൗക്കത്തലിയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ബത്തേരി മൂന്നാം മൈല്‍ പുതുപ്പാടി ലക്ഷംവീട് കോളനിയില്‍ ചുമരിടിഞ്ഞ് മരിച്ച ജലജ മന്ദിരത്തില്‍ രാജമ്മ(58)യുടെ ബന്ധുക്കളെ മന്ത്രി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. അടിയന്തര ധനസഹായമായി ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. യേശുദാസ് 10,000 രൂപ കുടുംബത്തിന്  കൈമാറി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ഗൂഡല്ലൂര്‍ എം.എല്‍.എ ദ്രാവിഡ മണി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍.സാബു തുടങ്ങിയവര്‍ ആശുപത്രിയില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 

date