Skip to main content

റേഷന്‍കാര്‍ഡില്‍ നൂറില്‍ നൂറ്, തൽസമയം പരിഹരിച്ചത് നൂറുകണക്കിന് പരാതികൾ; ആശ്വാസമായി തിരുവനന്തപുരം താലൂക്ക്തല അദാലത്ത്

തിരുവനന്തപുരം താലൂക്കില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികളില്‍ നൂറില്‍ നൂറും തീര്‍പ്പ് കല്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരില്‍ ആരംഭിച്ച താലൂക്ക് തല അദാലത്തില്‍ തിരുവനന്തപുരം താലൂക്കില്‍ ആകെ ലഭിച്ചത് 2847 അപേക്ഷകളാണ്. ഇതില്‍ ഇന്ന് മാത്രം ലഭിച്ചത് 412 അപേക്ഷകളാണ്. 1012 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 750 അപേക്ഷകളും നിരസിച്ച 676 അപേക്ഷകളും ഉള്‍പ്പെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 838 അപേക്ഷകള്‍ ലഭിച്ചതില്‍ 423 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ  ബോര്‍ഡ്, ആരോഗ്യം എന്നീ വകുപ്പുകള്‍ ലഭിച്ച മുഴുവന്‍  പരാതികളും പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏഴ് അപേക്ഷകളും ആരോഗ്യവകുപ്പിന് ഒരു പരാതിയുമാണ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 11 അപേക്ഷകളില്‍ ആറ് അപേക്ഷകള്‍ തീര്‍പ്പാക്കുകയും മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച അഞ്ച് അപേക്ഷകളില്‍ മൂന്നെണ്ണം തീര്‍പ്പാക്കുകയും നാല് പരാതികള്‍ ലഭിച്ച വ്യവസായ വകുപ്പ് രണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കുകയും 12 അപേക്ഷകള്‍ ലഭിച്ച കെ.എസ്.ഇ.ബി ആറ് അപേക്ഷകള്‍ പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴില്‍, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളില്‍ ഓരോ പരാതി വീതവും തീര്‍പ്പാക്കി.

date