Skip to main content
കുറ്റ്യാടി ബൈപ്പാസ് -സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്

കുറ്റ്യാടി ബൈപ്പാസ് -സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്

 

കിഫ്ബി വഴി  അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്. 
പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ ചേർന്നു.

ഭൂമി വിട്ട് നൽകുന്നവർക്കുള്ള   നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകും. കെട്ടിടങ്ങൾക്കുള്ള വാല്യുവേഷൻ ഉൾപ്പെടെ പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബൈപ്പാസിന്‍റെ ലാൻഡ്  അക്ക്വിസിഷൻ  പ്രവർത്തനങ്ങൾക്ക് സമാന്തരമായി ടെണ്ടർ നടപടികൾ കൂടി പൂർത്തിയായാൽ നിർമ്മാണ പ്രവൃത്തി   ഈ വർഷം തന്നെ ആരംഭിക്കും.    

പദ്ധതിക്ക് ഭൂമി വിട്ടു നൽകുന്നവരിൽ നിന്നുള്ള സമ്മതപത്രം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ  സ്വീകരിച്ചു. ഭൂമി വിട്ടു നൽകുന്ന പ്രദേശവാസികളുടെ സംശയങ്ങൾക്ക് തഹസിൽദാറും  എഞ്ചിനീയറും മറുപടി നൽകി.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഒ.ടി.നഫീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. മോഹൻദാസ്, ലാൻഡ്  അക്ക്വിസിഷൻ തഹസിൽദാർ  മുരളി, ആർബിഡിസി കെ എഞ്ചിനീയർ  അതുൽ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ സംസാരിച്ചു.

പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ച് അലൈൻമെന്റിലെ അപാകതകൾ പരിഹരിച്ച ശേഷം  2021 ജൂലൈ മാസത്തിന് ശേഷമായിരുന്നു  കുറ്റ്യാടി ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ  ആരംഭിച്ചത്.  ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതോടെ ഒരു മാസത്തിന് ശേഷം 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ലാൻഡ്  അക്ക്വിസിഷൻ  പൂർത്തിയാകുന്ന മുറയ്ക്ക്  പ്രവൃത്തിയുടെ ടെണ്ടർ ഓഗസ്റ്റ് അവസാനവാരം പ്രസിദ്ധപ്പെടുത്താനാണ് തീരുമാനം.

date