Skip to main content

കനോലി ഒഴുകട്ടെ – കൈകോർക്കാം

 

മെയ് 12 മുതൽ മാസ്സ് ക്ലീനിംഗ് ഡ്രൈവ്

കനോലി കനാലിനെ വീണ്ടെടുക്കുന്നതിനായി മെയ് 12, 13 തിയ്യതികളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെ മാസ്സ് ക്ലീനിംഗ് ഡ്രൈവ് നടത്തുന്നു.  ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും കോഴിക്കോട് നഗരസഭയും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടു കൂടിയാണ്  ശുചീകരണം നടത്തുന്നത്. എട്ട് സെക്ടറുകളായി തിരിച്ച് പ്രവൃത്തി നടത്തും.  ഇതിനായി ഓരോ സെക്ടറിനും ബന്ധപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേകം സെക്ടർ കമ്മറ്റികൾ രൂപീകരിച്ച് നടപടികൾ സ്വീകരിക്കും.

കനോലി കനാൽ ശൂചീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കനാലിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയുന്നതിനായി പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചു പരാതികൾ ശുചിത്വമിഷൻ ജില്ലാ ഓഫീസർക്ക് നേരിട്ടോ അല്ലെങ്കിൽ enfkzk@gmail.com എന്ന ഇ-മെയിലിലോ അറിയിക്കാം. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമാക്കിയ https://warroom.lsgkerala.gov.in/garbage എന്ന ഓൺലൈൻ സംവിധാനം വഴിയും പരാതികൾ നൽകാവുന്നതാണ്.

യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാർ, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, ഇറിഗേഷൻ വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date