Skip to main content

എന്റെ കേരളം മേളയില്‍ എക്‌സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി   കണ്ണൂര്‍ പൊലീസ് മൈതാനത്ത് എക്സ്സ്പ്രസ് മാര്‍ട്ട് തുറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രില്‍ 11മുതല്‍ 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റ് സജ്ജീകരിക്കുന്നത്.
എഫ്എംസിജി  ഉല്‍പന്നങ്ങള്‍ക്കും സപ്ലൈകോയുടെ  ശബരി ഉല്‍പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
സപ്ലൈകോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും. ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നല്‍കും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നല്‍കുന്നുണ്ട്. സ്റ്റാളിലെ ഏറ്റവും പ്രധാന ആകര്‍ഷണം രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി നല്‍കുന്നു എന്നതാണ്.
ശബരി ഉല്‍പ്പന്നങ്ങള്‍ കൂടാതെ നൂഡില്‍സ്, ടൂത്ത്‌പേസ്റ്റ്, തേന്‍, സോപ്പുപ്പൊടി,  സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ് , ഹോര്‍ലിക്‌സ്  തുടങ്ങി നിരവധി എഫ് എം സി ജി സാധനങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്.
രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും  ഉണ്ടാകും.
എറണാകുളം ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്‌സ്പ്രസ്മാര്‍ട്ട്  ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.  കോഴിക്കോട്, വയനാട്,  മലപ്പുറം,  തിരുവനന്തപുരം ജില്ലകളിലും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി എക്‌സ്പ്രസ് മാര്‍ട്ട് സജ്ജമാക്കും.
വയനാട്  കല്‍പ്പറ്റ എസ്‌കെഎംജെ എച്ച് എസ് ഇ യില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയും, മലപ്പുറം പൊന്നാനി എ വി എച്ച് എസ് എസില്‍ മെയ് നാല് മുതല്‍ 10 വരെയും, കോഴിക്കോട് ബീച്ചില്‍  മെയ് 12 മുതല്‍ 18 വരെയും, തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മെയ് 20 മുതല്‍ 27 വരെയുമാണ് എക്സ്പ്രസ്മാര്‍ട്ട് പ്രവര്‍ത്തിക്കുക.

date