Skip to main content
രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാർഷികം എൻ്റെ കേരളം രണ്ടാം പതിപ്പിൻ്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന  ആല്‍ മരം മ്യൂസിക് ബാന്‍ഡ്

സിരകളിൽ തീ പടർത്തി ആൽമരം

 

കണ്ണൂരിന്റെ യുവതയുടെ സിരകളിൽ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ തീ പടർത്തി ആൽമരം ബാൻഡ്. സൗഹൃദ കൂട്ടായ്മ ഒരുമിച്ച് പാടി ആൽമരം ആസ്വാദക ഹൃദയങ്ങളിലേക്ക് പടർന്നു കയറി. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം എക്സിബിഷനിലെ കലാസന്ധ്യയിലാണ് ആൽമരം ബാൻ്റിൻ്റെ തകർത്ത് പാടിയത്.
പഴയതും പുതിയതുമായ ജനപ്രിയ ഗാനങ്ങളെ തങ്ങളുടെതായ ശൈലിയിൽ വേദിയിൽ കൊട്ടിപാടിയപ്പോൾ കൂടെപ്പാടിക്കൊണ്ട് കണ്ണൂരിൻ്റെ ജനത ആൽമര ചില്ലകളെ നെഞ്ചേറ്റി.
 ഗപ്പിയിലെ തനിയേ എന്ന ഗാനത്തിലൂടെ മനം നിറച്ച് ,ഉന്നം മറന്ന് തെന്നിപ്പാടി... ഗ്രാമഫോണിലെ പ്രണയാർദ്ര ഗാനമായ എന്തെ ഇന്നും വന്നീല, ഒരു കിന്നരഗാനം മൂളി തുടങ്ങിയ മലയാളിയുടെ മനസിലെ പ്രിയ ഗാനങ്ങൾക്കൊപ്പം, ആൽമരത്തിൻ്റെ മാസ്റ്റർ പീസുകളായ ഒരു വല്ലം പൊന്നും പൂവും, എത്ര കൊതിച്ചിട്ടും തുടങ്ങിയ പാട്ടുകളും തമിഴ് ഹിന്ദി ഗാനങ്ങളും നാടൻ പാട്ടുകളും പാടിയാണ് യുവതയുടെ പ്രിയപ്പെട്ട ബാൻ്റ് വേദിയെ ഇളക്കിമറിച്ചത്. ഗാനങ്ങളുടെ തനിമ ചോരാതെ സംഗീത പ്രേമികളുടെ മനസ് കീഴടക്കി. ഒന്നൊന്നായ് കോർത്ത പാട്ടുകളിലൂടെ  കലാലയങ്ങളിൽ ബെഞ്ചിൽ കൊട്ടിപ്പാടിയ പഴയ കാല ഓർമകളിലേക്ക് സദസിനെ കൊണ്ടു പോയി. 
പൂമരം പൂത്തുലഞ്ഞേ' എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് 'ആൽമരം മ്യൂസിക് ബാൻഡ്', പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്ന ഈ സംഗീത കൂട്ടായ്മ. ഓരോ വിഭാഗത്തിലും കഴിവ് തെളിയിച്ച അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരത്തിന്റെ നായകന്മാർ

date