Skip to main content

മങ്കയം ദുരന്തത്തിന്റെ നോവുന്ന ഓര്‍മയായി കുഞ്ഞു നസ്രിയയും ഷാനിയും; കുടുംബത്തിന് കരുതലിന്റെ കരം നീട്ടി അദാലത്ത്

കഴിഞ്ഞ സെപ്റ്റംബറില്‍ പാലോട് മങ്കയത്തുണ്ടായ മഴവെള്ളപാച്ചിലില്‍ തകര്‍ത്തത് സുനാജിന്റെയും അബ്ദുള്ളയുടെയും കുടുംബങ്ങളുടെ സന്തോഷമാണ്. ഏറെ ആഹ്ലാദത്തോടെ ആരംഭിച്ച ഇരു കുടുംബങ്ങളുടെയും യാത്ര ദുരന്തത്തിലേക്ക് വഴി മാറിയത് നിമിഷനേരത്തിലായിരുന്നു. അപകടത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിട്ടുമാറാതെ വേട്ടയാടുന്ന കുടുംബത്തിന് സാന്ത്വനമേകി നെടുമങ്ങാട് താലൂക്ക്തല അദാലത്ത്. മരണപ്പെട്ട എട്ട് വയസ്സുകാരി നസ്രിയ ഫാത്തിമയുടെയും ബന്ധുവായ ഷാനിബീഗത്തിന്റെയും കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായം മന്ത്രി ജി. ആര്‍. അനില്‍ കൈമാറി. മന്ത്രിയില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങുമ്പോള്‍ സുനാജിന്റെയും അബ്ദുള്ളയുടെയും മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പുകയായിരുന്നു.

ലാളിച്ച് കൊതി തീരാത്ത മകള്‍ നസ്രിയ ഫാത്തിമയുടെ ഓര്‍മ്മകളെ ചേര്‍ത്ത് നിര്‍ത്തിയാണ് സുനാജ് അദാലത്ത് വേദിയില്‍ എത്തിയത്. ജീവന്റെ പാതിയായ ഷാനീ ബീഗത്തിന്റെ വേര്‍പാട് തീര്‍ത്ത ശൂന്യതയോട് പൊരുത്തപ്പെടാനാകാതെ, ആ ദിനം ഒരു സ്വപ്നം മാത്രമായിരുന്നെങ്കില്‍ എന്നാണ് അബ്ദുള്ള ആഗ്രഹിക്കുന്നത്. പതിനാലും പന്ത്രണ്ടും വയസുള്ള മക്കള്‍ക്ക് ഇന്ന് ഏക ആശ്രയവും അബ്ദുള്ളയാണ്.

ജില്ലാ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നാല് ലക്ഷം രൂപ വീതമാണ് മരണെപ്പട്ടവരുടെ അവകാശികള്‍ക്ക് കൈമാറിയത്. മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാന്‍ എത്തിയ കുടുംബത്തിലെ പത്ത് പേരാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഒഴുക്കില്‍പ്പെട്ടത്. ദുരന്ത നിവാരണ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും രക്ഷപ്രവത്തനത്തിലൂടെ എട്ട് പേരുടെ ജീവന്‍ രക്ഷിച്ചു.

date