Skip to main content
ഫോട്ടോ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്ത് മന്തക്കാട് ജങ്ഷനില്‍ സംഘടിപ്പിച്ച പൊതുശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഊര്‍ജിത ശുചിത്വ പ്രവര്‍ത്തനങ്ങളുമായി മലമ്പുഴ ഗ്രാമപഞ്ചായത്ത്

 

മഴക്കാലപൂര്‍വ്വ ശുചീകരണം, വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജൈവ അജൈവമാലിന്യ സമ്പൂര്‍ണ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മലമ്പുഴ ഗ്രാമപഞ്ചായത്ത് മന്തക്കാട് ജങ്ഷനില്‍ പൊതുശുചീകരണ ക്യാമ്പയിന്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മന്തക്കാട് ജങ്ഷന്‍ മുതല്‍ കടുക്കാംകുന്ന് റെയില്‍വേ മേല്‍പ്പാലം വരെയുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും റെയില്‍വേ മേല്‍പ്പാലത്തിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിനോയ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മലമ്പുഴ വനിത ഐ.ടി.ഐ എന്‍.എസ്.എസ് വിദ്യാര്‍ത്ഥിനികള്‍, സിമെറ്റ് നഴ്‌സിങ് കോളെജ് വിദ്യാര്‍ത്ഥിനികള്‍, ബാലസഭാംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date