Skip to main content

ഒരുക്കങ്ങൾ പൂർത്തിയായി എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള നാളെ (തിങ്കൾ) തുടങ്ങും

-മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും
-ശീതീകരിച്ച ജർമ്മൻ ഹാംഗറിൽ 110 തീം - സർവീസ് സ്റ്റാളുകൾ
-125 വിപണന യൂണിറ്റുകൾ
-രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള
- ടെക്നോ ഡെമോ, സ്പോർട്സ്- ചിൽഡ്രൻസ് സോണുകൾ
- 12 സെമിനാറുകൾ
- 12 കലാ സാംസ്‌കാരിക പരിപാടികൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് എട്ട് മുതൽ 14 വരെ പൊന്നാനി എ.വി. സ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (മെയ് എട്ടിന് തിങ്കളാഴ്ച) വൈകീട്ട് 4.30ന് കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി നഗരസഭാ അധ്യക്ഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ സ്വാഗതം പറയും.

മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളക്കാണ് പൊന്നാനിയിൽ അരങ്ങൊരുങ്ങുന്നത്. 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും മേളയുടെ മാറ്റ് വർധിപ്പിക്കും. പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പ്രദർശന മേളയുടെ കവാടം തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് പ്രദർശന സ്റ്റാളുകൾ. 42,000 ചതുരശ്ര അടിയിൽ ശീതീകരിച്ച ജർമ്മൻ ഹാംഗറിലും 20,000ത്തിലധികം ചതുരശ്ര അടിയിലുള്ള നോൺ എ.സി ഹാംഗറിലുമായി 66 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 125 വിപണന യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35 ഉ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള നടക്കും. എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്നോ ഡെമോ, സ്പോർട്സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്പോർട്സ്- ചിൽഡ്രൻസ് സോണുകൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ 12 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. കിഫ്ബിക്കു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് ഹാംഗറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നത്.

എന്റെ കേരളം, കേരളം ഒന്നാമത് എന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളാണ് ഒന്നാമതായി സജ്ജീകരിച്ചിരിക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെ നേർചിത്രം ഇവിടെ കാണാം. ചിത്രങ്ങൾക്ക് താഴെയുള്ള ഡിജിറ്റൽ സ്‌ക്രീനിൽ വികസനനേട്ടങ്ങളുടെ വിശദാംശങ്ങളറിയാം. എന്റെ കേരളം പ്രദർശനം കഴിഞ്ഞാൽ അടുത്തതായി സജ്ജീകരിച്ചിരിക്കുന്നത് ടൂറിസം വകുപ്പിന്റെ സ്റ്റാളാണ്. ആരെയും ആകർഷിക്കുന്ന കേരളത്തിന്റെ പ്രകൃതി ഭംഗിയും ടൂറിസം രംഗത്തെ നേട്ടവുമെല്ലാം ഇവിടെ കാണാം. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകളും വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭിക്കും. കേരളത്തിന്റെ വികസന സാധ്യതകൾ ചിത്രീകരിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ പ്രധാന ശ്രദ്ധാ കേന്ദ്രമാകും. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന ഹാളിലേക്ക് പ്രവേശനം.

വിവിധ സർക്കാർ സേവനങ്ങളാണ് മേളയുടെ മറ്റൊരു ആകർഷണം. ആധാർ വിവരങ്ങൾ പുതുക്കാനും തെറ്റ് തിരുത്താനും ഇവിടെ അവസരമുണ്ടാവും. സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനായി ഐ.ടി മിഷന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെയും മറ്റു വിവിധ സർക്കാർ വകുപ്പുകളുടെയും ഓൺലൈൻ ഓഫ്ലൈൻ സേവനങ്ങൾ മേളയിലുണ്ടാവും.

ഏഴ് ദിവസത്തിൽ 12 കലാപരിപാടികൾ; 12 സെമിനാറുകൾ

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുങ്ങുന്നത് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കം. പൊന്നാനി എ.വി.എച്ച്.എസ്.എസ് സ്‌കൂളിൽ മെയ് എട്ടിന് ആരംഭിച്ച് 14 ന് അവസാനിക്കുന്ന മേളയിൽ പ്രൊഫഷണൽ കലാകാരന്മാരാണ് ആസ്വാദകർക്കായി വിരുന്നൊരുക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം മുതൽ കലാപരിപാടികൾ അരങ്ങേറും.

മെയ് എട്ടിന് ഉദ്ഘാടന ദിവസം വൈകീട്ട് ഏഴിന് മാപ്പിളകലകളുടെ കൊട്ടും പാട്ടും എന്ന പേരിൽ ഇശൽ വിരുന്ന് അരങ്ങേറും. മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനംകവർന്ന സലീം കോടത്തൂരും മകൾ ഹന്നയും വേദിയിലെത്തുന്നതോടെ മലബാറിന്റെ തനിമ വിളിച്ചോതുന്ന നിരവധി മാപ്പിളപ്പാട്ടുകൾ ആസ്വാദകരുടെ ഹൃദയത്തിൽ സ്പർശിക്കും. പരിപാടിയിൽ മലബാറിലെ തനത് കലാരൂപങ്ങളായ ഒപ്പന, കോൽക്കളി എന്നിവയും അരങ്ങിലെത്തും.
മെയ് ഒമ്പതിന് വൈകീട്ട് 4.30ന് സ്പോർട്ട്സ്  കൗൺസിലിന്റെ നേതൃത്വത്തിൽ ബോഡി ഷോ, കളരിപ്പയറ്റ് പ്രദർശനം നടക്കും. വൈകീട്ട് ഏഴിന് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തിന്റെ ആഴങ്ങളിൽ മലയാളികൾ കോർത്തിട്ട മെലഡികളും ഗസലുകളും ഒരുമിച്ച് കോർത്തിണക്കി ഷഹബാസും സംഘവും വേദിയിലെത്തും. പ്രണയ വിരഹ ഗസലുകൾ ആസ്വാദകരുടെ മനംകവരും.

മെയ് പത്തിന് വൈകീട്ട് 4.30ന് കാണികളെ പൊട്ടിച്ചിരിപ്പിക്കാൻ കലാഭവൻ അഷ്‌റഫും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് ജോക്‌സ് വേദിയിലെത്തും. വൈകീട്ട് ഏഴിന് ആൽമരം മ്യൂസിക് ബാന്റ് സംഗീത നിശയോടെ ആസ്വാദകരുടെ മുന്നിലെത്തും. 'പൂമരം പൂത്തുലഞ്ഞേ' എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് 'ആൽമരം മ്യൂസിക് ബാൻഡ്'. പാലക്കാട് ചെമ്പൈ മ്യൂസിക് കോളജിലെ പൂർവ വിദ്യാർഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്നതാണ് ഈ സംഗീത കൂട്ടായ്മ.

മെയ് 11ന് വൈകീട്ട് 4.30ന് കണ്ണൂർ ലാസ്യ ഫൈൻ ആർട്‌സ് കോളജ് അവതരിപ്പിക്കുന്ന 'സൂര്യപുത്രൻ' നൃത്ത ശിൽപ്പം അരങ്ങേറും. മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ ജീവിതത്തിന്റെ നൃത്താവിഷ്‌കാരമാണ് 'സൂര്യപുത്രൻ' നൃത്ത ശിൽപ്പം. ലാസ്യ കോളജിലെ അധ്യാപകരായ കലാമണ്ഡലം ഡോ. ലത, കലാക്ഷേത്രം വിദ്യാലക്ഷ്മി, ഹരിതാ തമ്പാൻ, വി. വീണ എന്നിവരും ഭരതനാട്യം ബിരുദ ബിരുദാനന്തര കോഴ്സുകളിലെ 15ഓളം വിദ്യാർഥികളുമാണ് അവതരണത്തിന് നേതൃത്വം നൽകുന്നത്. വൈകീട്ട് ഏഴിന് ഉണർവ്വ് കലാസംഘം അവതരിപ്പിക്കുന്ന നാട്ടുത്സവം നടക്കും. നാടൻ പാട്ടുകളുടെ തനിമയിൽ വേദിയെ ഇവർ കൈയിലെടുക്കും.

മെയ് 12 ന് വൈകീട്ട് 4.30ന് അങ്കണവാടി പ്രവർത്തകരുടെ ദൃശ്യാവിഷ്‌കാരം നടക്കും. വൈകീട്ട് ഏഴിന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന 'ഹൃദ്യം-ഹിഷാം നൈറ്റ്' അരങ്ങിലെത്തും. സംഗീത സൗണ്ട് എൻജിനീയറും റിയാലിറ്റി ഷോയിലും മ്യൂസിക് ആൽബത്തിലുമൊക്കെയായി സംഗീത ലോകത്ത് നേരത്തെ തന്നെ സ്ഥാനം പിടിച്ച നവ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പാട്ടുകൾ ആസ്വാദകർക്ക് നവ്യാനുഭൂതി നൽകും.

മെയ് 13ന് വൈകീട്ട് 4.30ന് അബിലിറ്റി പാര ആർട്‌സ് ആന്റ് സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ നടക്കും. പരിമിതികളിൽ തളരാതെ ചിറകുവിരിച്ച് കാണികൾക്ക് ആവേശമായി വിവിധ കുരുന്നുകളുടെ വിൽചെയർ ഒപ്പനയും നടക്കും. വൈകീട്ട് ഏഴിന് യുവതലമുറയുടെ ഹരമായ യുംനയും അജിനും സംഘവും അവതരിപ്പിക്കുന്ന 'യുംന നൈറ്റ്' മേളക്കൊഴുപ്പേകും.

മെയ് 14ന് വൈകീട്ട് ഏഴിന് സൂഫി കാവ്യാലാപനത്തിൽ പതിറ്റാണ്ട് പിന്നിട്ട ഗായകൻ ബിൻസി, ഇമാം എന്നിവരുടെ സൂഫി ഗസലുകളും ഖവ്വാലികളും അരങ്ങേറും. ഇബ്‌നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങൾ, ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങൾ, ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകൾ, ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി അബൂബക്കർ മാസ്റ്റർ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ എന്നിവ ആലപിച്ച് മേളയിലെ കലാപരിപാടികൾക്ക് സമാപനമാകും.

സെമിനാറുകൾ

എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയയിൽ സംഘടിപ്പിക്കുന്നത് 12 സെമിനാറുകൾ.  മെയ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'പൊതുജനാരോഗ്യം: സാമൂഹിക ഉത്തരവാദിത്വവും വ്യക്തി സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്യും. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ മൂന്ന് സംഘങ്ങൾ പങ്കെടുക്കും. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി. രാജു, ജില്ലാ സർവയ്ലൻസ് ഓഫീസർ ഡോ. സി. സുബിൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ജെ. നവ്യ തുടങ്ങിയവർ മോഡറേറ്റർമാരാകും. ഉച്ചയ്ക്ക് 2.30ന് 'നൈപുണിക വികസനവും തൊഴിൽ സാധ്യതകളും' എന്ന വിഷയത്തിൽ അസാപ് കേരളയുടെ സെമിനാർ നടക്കും. പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിറ്റി സ്‌ക്കിൽ പാർക്ക് മേധാവി ഇ.വി സജിത്ത് കുമാർ വിഷയാവതരണം നടത്തും. അസാപ്പ് കേരള ജില്ലാ പ്രോഗ്രാം മാനേജർ എച്ച് ഹരീഷ് നായർ അധ്യക്ഷത വഹിക്കും. പ്രോഗ്രാം മാനേജർ ആന്റോ ജോസ് മോഡറേറ്ററാവും.

മെയ് പത്തിന് രാവിലെ 10.30ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 'കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനയും സംസ്‌കരണവും' വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കെ.പി സുധീർ ക്ലാസെടുക്കും. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സക്കറിയാസ് മോഡറേറ്ററാവും. ഉച്ചയ്ക്ക് 2.30ന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 'കുടുംബശ്രീ- സ്ത്രീ ശാക്തീകരണത്തിന്റെ കാൽ നൂറ്റാണ്ട്' എന്നീ വിഷയത്തിലാണ് സെമിനാർ നടക്കുക. പി നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിക്കും. കുടുംബശ്രീ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് വിഷയം അവതരിപ്പിക്കും. എം.ജി.എൻ.ആർ.ജി.ഇ.എസ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ വിജയകുമാർ മോഡറേറ്ററാവും.

മെയ് 11ന് രാവിലെ 10.30ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ 'ജൽ ജീവൻ മിഷൻ: ജലഗുണനിലവാര മാനദണ്ഡങ്ങളും പ്രാധാന്യവും' എന്ന വിഷയത്തിൽ സെമിനാർ നടത്തും.
ഉച്ചയ്ക്ക് 2.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ 'ആയുർവേദത്തിലൂടെ ആരോഗ്യം- പോഷക സമ്പുഷ്ടവും സുരക്ഷിതവുമായ ഭക്ഷണ ശീലത്തിലൂടെ' സെമിനാർ സംഘടിപ്പിക്കും. ഡോ. സ്നാനി സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും. 'ഉദര രോഗങ്ങളിലേക്കെത്താത്ത' ഭക്ഷണശീലങ്ങൾ എന്ന വിഷയത്തിൽ ഡോ. നൗഫൽ പനക്കൽ ക്ലാസെടുക്കും. 'ആരോഗ്യകരമായ ഭക്ഷണശീലവത്കരണം' എന്ന വിഷയത്തിൽ ഡോ. വി.എ അനൂപ് അവതരണം നടത്തും.

മെയ് 12ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 'മാറുന്ന കാലത്തെ പൊതുവിദ്യാഭ്യാസം' സെമിനാർ നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാറിന്റെ അധ്യക്ഷതയിൽ എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് വിഷയാവതരണവും ഉദ്ഘാടനവും നിർവഹിക്കും. സീനിയർ ലക്ചറർ ഡോ. കെ. സലീമുദ്ദീൻ മോഡറേറ്ററാവും. ടി. രത്നാകരൻ വിദ്യഭ്യാസ സന്ദേശം നൽകും. തിരഞ്ഞെടുത്ത സ്‌കൂളുകൾ മികവ് അവതരണം നടത്തും.  ഉച്ചയ്ക്ക് 2.30ന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വവും' വിഷയത്തിൽ സെമിനാർ നടക്കും. പൊന്നാനി നഗരസഭാ അധ്യക്ഷൻ  ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പല മുഖ്യപ്രഭാഷണം നടത്തും. പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിക്കും. മേരി ജോൺ, ഷാജിത അറ്റാശ്ശേരി, ടി.എം ശ്രുതി തുടങ്ങിയവർ സംസാരിക്കും.
 
മെയ് 13 ന് രാവിലെ 10.30ന് സാമൂഹ്യനീതി വകുപ്പിന്റെ 'സാമൂഹിക നീതി നിയമങ്ങൾ, ഭിന്നശേഷി മുൻകൂട്ടി കണ്ടെത്താനുള്ള മാർഗങ്ങൾ' എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി.കെ മഞ്ജു വിഷയാവതരണം നടത്തും. 'സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ നിയമങ്ങൾ' എന്ന വിഷയത്തിൽ അഡ്വ. സുജാത എസ് വർമ അവതരിപ്പിക്കും. സബ് ജഡ്ജ് സെക്രട്ടറി നൗഷാദ് മോഡറേറ്ററാവും. ഉച്ചയ്ക്ക് 2.30ന് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകരുമായി 'ബി ടു ബി മീറ്റ്' നടക്കും. തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ സി.ഇബ്രാഹിം കുട്ടി സംവദിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് ക്ഷീര സംരംഭകകരുടെ വിഷയാവതരണവും നടക്കും. വർക്കി ജോർജ്, ഒ.സജിനി തുടങ്ങിയവർ പങ്കെടുക്കും.

മെയ് 14ന് രാവിലെ 10.30ന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ നടക്കുക. 'ബിസിനസ് വിജയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു പുതുസങ്കേതങ്ങളും' എന്ന വിഷയത്തിൽ യാസർ ഖുത്തുബ് ക്ലാസെടുക്കും. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. റഹ്‌മത്തലി മോഡറേറ്ററാവും. ഉച്ചയ്ക്ക് 2.30ന് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 'റോഡ് സുരക്ഷ' വിഷയത്തിൽ സെമിനാർ നടക്കും. എം വി ഐ കൂടമംഗലത്ത് സന്തോഷ് കുമാർ വിഷയം അവതരിപ്പിക്കും. ആർ.ടി.ഒ സി.വി.എം ഷെരീഫ് ഉദ്ഘാടനം ചെയ്യും. പൊന്നാനി ജോയിന്റ് ആർ.ടി.ഒ ഇൻ ചാർജ് ജസ്റ്റിൻ മാളിയേക്കൽ അധ്യക്ഷത വഹിക്കും.

 

date