Skip to main content

എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള ഇന്നു മുതല്‍ പൊന്നാനിയില്‍

 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മുഴുവൻ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന-വിപണന മേളയ്ക്ക് ഇന്ന് (മെയ് 8) പൊന്നാനി എ.വി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ തുടക്കമാവും. വൈകീട്ട് 4.30ന് കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി വി അബ്ദുറഹിമാൻ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി നഗരസഭാ അധ്യക്ഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് നന്ദിയും പറയും. മേള 14 ന് സമാപിക്കും. 

സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലെ പ്രധാന ഇനം. 66 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 125 വിപണന യൂണിറ്റുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.  എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് പ്രദർശന സ്റ്റാളുകൾ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35 ഉം ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഭക്ഷ്യമേളയും നടക്കും. എഞ്ചിനീയറിങ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്നോ ഡെമോ, സ്പോർട്സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്പോർട്സ്- ചിൽഡ്രൻസ് സോണുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന ഹാളിലേക്ക് പ്രവേശനം.

മേളയുടെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍, വിവിധ വകുപ്പുകളുടെ സെമിനാറുകള്‍ എന്നിവയും നടക്കും. നാളെ (മെയ് 8) വൈകീട്ട് ഏഴിന് ഇശൽ വിരുന്ന് ‘മാപ്പിളകലകളുടെ കൊട്ടും പാട്ടും’  അരങ്ങേറും.  മാപ്പിളപ്പാട്ട് കലാരംഗത്ത് ശ്രദ്ധേയരായ സലീം കോടത്തൂര്‍, അദ്ദേഹത്തിന്റെ മകള്‍- വൈകല്യങ്ങളെ അതിജീവിച്ച് കലാരംഗത്ത് മുന്നേറിയ ഹന്ന മോള്‍, പ്രമുഖ ഗായിക സുറുമി വയനാട്, പട്ടുറുമാല്‍ താരങ്ങളായ മുജീബ് മലപ്പുറം, അനീസ് മുഹമ്മദ്, മിസ്ന മഞ്ചരി, കലഭവൻ അനിൽ ലാൽ എന്നിവര്‍ അരങ്ങിലെത്തും. കോല്‍ക്കളി ആചാര്യന്‍ അന്തരിച്ച ടി.പി ആലിക്കുട്ടി ഗുരുക്കളുടെ പിന്‍മുറക്കാരായ എടരിക്കോട് സംഘത്തിന്റെ കോല്‍ക്കളി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ കൊട്ടുക്കര പി.പി.എം. എച്ച്.എസ്.എസ് ടീമിന്റെ ഒപ്പന തുടങ്ങിയവ ഇശല്‍രാവിനെ വര്‍ണാഭമാക്കും.

 

ചൊവ്വാഴ്ച (മെയ് 9)

വൈകീട്ട് 4.30ന് സ്പോർട്ട്സ്  കൗൺസിലിന്റെ നേതൃത്വത്തിൽ ബോഡി ഷോ, കളരിപ്പയറ്റ് പ്രദർശനം എന്നിവ നടക്കും. വൈകീട്ട് ഏഴിന് ഷഹബാസ് അമനും സംഘവും ഗസലുമായി വേദിയിലെത്തും. 

ചൊവ്വാഴ്ച (മെയ് 9) രാവിലെ 10.30ന് ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'പൊതുജനാരോഗ്യം: സാമൂഹിക ഉത്തരവാദിത്വവും വ്യക്തി സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് 'നൈപുണിക വികസനവും തൊഴിൽ സാധ്യതകളും' എന്ന വിഷയത്തിൽ അസാപ് സംഘടിപ്പിക്കുന്ന സെമിനാര്‍  പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.

date