Skip to main content

തീരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാൻ 'തീരസദസ്സ്' മെയ് ഒമ്പത് മുതൽ

 

 

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് ജില്ലയിൽ മെയ് ഒമ്പത് മുതൽ 14 വരെ നടക്കും.  മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മണ്ഡലങ്ങളായ പൊന്നാനി, തവനൂർ, വളളിക്കുന്ന്, താനൂർ, തിരൂരങ്ങാടി, തിരൂർ എന്നിവിടങ്ങളിലാണ് തീരദേശ സദസ്സുകൾ സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രദേശികമായുള്ള പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. 

മെയ് ഒമ്പതിന് പൊന്നാനി മണ്ഡലത്തിൽ നടക്കുന്ന പരിപാടിയോടെ ജില്ലയിൽ തീരസദസ്സുകൾക്ക് തുടക്കമാവും. വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ പൊന്നാനി എം.ഇ.എസ് കോളജിലെ ഇ.കെ ഓഡിറ്റോറിയത്തിൽ വെച്ചാണ് തീരസദസ്സ് നടക്കുന്നത്. തവനൂർ മണ്ഡലത്തിലുള്ളവർക്കായി മെയ് 10ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പടിഞ്ഞാറെക്കര സീസോൺ റിസോർട്ടിൽ വെച്ചും വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്നുള്ളവർക്കായി മെയ് 10ന് ഉച്ചയ്ക്ക് 3.30 മുതൽ ഏഴ് മണി വരെ ആനങ്ങാടി ഡാസൽ അവന്യു ഓഡിറ്റോറിയത്തിൽ വെച്ചും താനൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി മെയ് 11ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ താനൂർ ഗവ. റീജ്യനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ ഓപ്പൺ സ്റ്റേജിൽ വെച്ചും തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ളവർക്ക് മെയ് 11ന് ഉച്ചയ്ക്ക് മൂന്ന് മുതൽ വൈകീട്ട് ഏഴ് വരെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസിൽ വെച്ചും തിരൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി മെയ് 14ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പറവണ്ണ ജി.വി.എച്ച്.എസ്.എസിൽ വെച്ചുമാണ് തീരദേശ സദസ്സുകൾ നടക്കുക.

 

date