Skip to main content
കെ.എ ഹാരിസും അയൽവാസികളും

ഹാരിസന്റെയും അയൽവാസികളുടെയും വീട്ടിൽ ഇനി വെള്ളം കയറില്ല; മന്ത്രിയുടെ ഉറപ്പ്

കോട്ടയം:  ഒരു മഴ പെയ്താൽ അടുക്കള വരെ വെള്ളം കയറുന്ന സ്ഥിതിയാണ് പാറത്തോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കളരിക്കൽ വീട്ടിൽ കെ.എ ഹാരിസിനും അയൽവാസികൾക്കും. സമീപത്ത് സ്ഥിതി ചെയ്യുന്ന ചെക്ക്ഡാമാണ് ഇവരുടെ ജീവിതത്തിലെ വില്ലൻ. ഇതിനൊരു പരിഹാരം തേടിയാണ് ഹാരിസും കൂട്ടരും പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാളിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക്തല അദാലത്തിനെത്തിയത്.
പഞ്ചായത്ത് 19-ാം വാർഡിൽ 2016ലാണ് ജലനിധി പദ്ധതിയുടെ ഭാഗമായി പാറത്തോട് പബ്ലിക് ലൈബ്രറിക്ക് സമീപത്ത് കൂടെ ഒഴുകുന്ന തോടിന് കുറുകെ  തടയണ നിർമിച്ചത്. പണിത രണ്ട് വർഷങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിരുന്നില്ല. പിന്നീട് ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കൂടിയതോടെ എഴുപതോളം കുടുംബങ്ങളെ ബാധിക്കുന്ന തരത്തിലേക്കുള്ള വെള്ളപ്പൊക്ക ഭീഷണിയായി മാറിയത്.  

ചെക്ക് ഡാം നിലവിൽ ജലനിധി പദ്ധതിക്കായി ഉപയോഗിക്കാത്തതിനാൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉടൻ തന്നെ  പൊളിച്ച് മാറ്റാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെക്ക് ഡാം മുതൽ പാറത്തോട് പള്ളിപ്പടി വരെയുള്ള 500 മീറ്റർ ദൂരത്തിലുള്ളവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്. സമീപത്തുള്ള കൃഷി ഓഫീസിലും അങ്കണവാടിയിലും മൃഗാശുപത്രിയിലും വെള്ളം കയറിയിരുന്നു. ഇതേതുടർന്നാണ് നാട്ടുകാർ ഒരുമിച്ച് നിവേദനവുമായി അദാലത്തിനെത്തിയത്.

date