Skip to main content

'അരങ്ങ്' കുടുംബശ്രീ കലോത്സവത്തിനു നാളെ തുടക്കം 

 

കൊയിലാണ്ടി താലൂക്ക് കുടുംബശ്രീ കലോത്സവം 'അരങ്ങ്'ന് നാളെ കൊടിയേറും. മേപ്പയ്യൂര്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കൊയിലാണ്ടി താലൂക്ക് കലോത്സവം മെയ് 6,7 തിയ്യതികളിലായി മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് ചങ്ങാടത്ത് അധ്യക്ഷനാവും.

ഒപ്പന, തിരുവാതിര, നാടോടി നൃത്തം, സംഘനൃത്തം, നാടകം, മാപ്പിളപാട്ട്, കവിത, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലായി കൊയിലാണ്ടി താലൂക്കിലെ 24 സിഡിഎസുകള്‍ കലോത്സവത്തില്‍ മാറ്റുരക്കും.

കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ മുന്‍ കോ ഓര്‍ഡിനേറ്റര്‍ കവിത പി സി ചടങ്ങില്‍ മുഖ്യാതിഥിയാവും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്    കെ.ടി രാജന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ മറ്റു ജനപ്രതിനിധികൾ, സിഡിഎസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ചടങ്ങിന് മേപ്പയ്യൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ സ്വാഗതവും എസ്ടി ജില്ലാ പ്രോഗ്രാം മാനേജര്‍ അനഘ ആര്‍ നന്ദിയും പറയും.

date