Skip to main content

തീരദേശ മേഖലയെ ചേര്‍ത്ത്പിടിച്ച് സര്‍ക്കാര്‍

 

തീരദേശ മേഖലയില്‍ അധിവസിക്കുന്ന കുടുംബങ്ങളുടെ പുരോഗമനത്തിനായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കടലോര മേഖലയില്‍ നടപ്പിലാക്കിയത് നിരവധി പ്രവര്‍ത്തനങ്ങള്‍. തീരദേശത്ത് താമസിക്കുന്ന രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായാണ് കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ തീരപ്രദേശത്ത് മാത്രം നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം കൈമാറിയത്. 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ-മെട്രിക് വിഭാഗത്തില്‍ 31,31643 രൂപയും പാരലല്‍ കോളേജ് വിഭാഗത്തില്‍ 26,77875 രൂപയും, ഐടിഐ വിഭാഗത്തില്‍ 6,90480 രൂപയും, ഫിഷറീസ് ഈ ഗ്രാന്റസിനായി 1,57,25436 രൂപയും അനുവദിച്ചു. ജില്ലയില്‍ മൊത്തം 4716 വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചത്. രക്ഷിതാക്കള്‍ മരണപ്പെട്ട  മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും ഐഐടി, എന്‍ഐടി പരിശീലനത്തിനുമാണ് ധസഹായം നല്‍കിയത്. 

ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ നല്‍കുന്നതിനും ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്നതിനും സുരക്ഷാ സംവിധാനത്തിനും മത്സ്യബന്ധന വകുപ്പ് ധനസഹായവും വിവിധ പദ്ധതികളും നടപ്പിലാക്കിയിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതികളുടെ ഭാഗമായി 80 ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകളും 40 സ്‌ക്വയര്‍ മെഷ് കോഡന്റുകളും ഒരു മോഡല്‍ ഫിഷ് ബോട്ടും കൈമാറി. 311 പേര്‍ക്ക് വെസ്റ്റല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും 40 ഗുണഭോക്താക്കളുടെ മത്സ്യബന്ധന യാനങ്ങള്‍ക്ക്  ജിപിഎസ് ഘടിപ്പിക്കുകയും ചെയ്തു. വിവിധ സുരക്ഷാ ഉപകരണങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് സബ്‌സിഡി നല്‍കിയത്. 

തീരദേശ മേഖലയുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പും എട്ട് മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും അറിവ് പകരുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ മൂന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്. തൊഴില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍  സീ-റസ്‌ക്യൂ സ്‌ക്വാഡ് നിയമനത്തിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 20 മത്സ്യത്തൊഴിലാളികളെ അഞ്ച് ഹാര്‍ബറുകളിലായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ബേപ്പൂര്‍ മുതല്‍ വടകര വരെ നീണ്ടു നീല്‍ക്കുന്ന തീരദേശം കേന്ദ്രീകരിച്ചാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

date