Skip to main content

സാന്ത്വനവും കൈത്താങ്ങുമായി മന്ത്രി ജലീല്‍

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശനിയാഴ്ച രാവിലെയാണ് തദ്ദേക സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിലമ്പൂരിലെത്തിയത്. നിലമ്പൂര്‍ അതിഥി മന്ദിരത്തില്‍  ഉദ്യോഗസ്ഥരേയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭാരവാഹികളെയും വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
പിന്നീട് വിശ്രമമില്ലാത്ത ഓട്ടം. ദുരിതാശ്വാസ ക്യാമ്പുകള്‍, ദുരിതബാധിത പ്രദേശങ്ങള്‍.. പ്രതികൂല കാലാവസ്ഥയും തകര്‍ന്ന റോഡും ഓട്ടത്തിന് തടസ്സമായില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ദുരിതബാധിതരെ ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ടു. സ്‌കൂളുകളില്‍ നിന്ന് വീണ്ടും മാറ്റിപ്പാര്‍പ്പിക്കേണ്ട ഇടങ്ങളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. ദുരിതബാധിതരോട് നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. അവരെ സാന്ത്വനിപ്പിച്ചു. നമ്പൂതിരിപ്പെട്ടിയിലെ ദുആ കോളജിലെ കുട്ടികളെ കണ്ടു. വെള്ളം കയറിയ വീടുകള്‍ വെള്ളമിറങ്ങുന്ന മുറക്ക് വൃത്തിയാക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ സഹായം തേടി. തകര്‍ന്ന റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും വീടുകളും കണ്ടു. വെന്തോടംപടിയിലെ തകര്‍ന്ന പാലത്തിനടുത്തെത്തി. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലെ ഗതാഗതം പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.
വണ്ടൂര്‍ മണ്ഡലത്തിലെ നളന്ദ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോഴാണ് പ്രായമുള്ള സ്ത്രീയുടെ കാലുകളിലെ  വ്രണങ്ങള്‍ മന്ത്രി കണ്ടത്. ഇവരെ താന്‍ തവനൂരില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്ന മന്ത്രിയുടെ വാക്ക് മകളുടെ കണ്ണ് നനയിച്ചു. താന്‍ ശ്രദ്ധയോടെ നോക്കാമെന്ന് മകളുടെ ഉറപ്പുകേട്ടാണ് മന്ത്രി പിന്‍വാങ്ങിയത്.
ശനിയാഴ്ച രാജ്യറാണി എക്‌സ്പ്രസിന്റെ അവിചാരിതമായ വൈകലാണ് മന്ത്രിയെ അല്പം പ്രയാസപ്പെടുത്തിയത്. നിലമ്പൂരില്‍ എത്തിയ ശേഷം പിന്നെ എവിടെയും വൈകാതെ ഓടിക്കൊണ്ടേയിരിക്കുകയാണ് മന്ത്രി ജലീല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എവിടെയും പാളില്ലെന്ന ഉറപ്പോടെ.

 

date