Skip to main content

പാഴല്ലിതൊന്നും, പലവര്‍ണക്കാഴ്ചകള്‍...

 

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് മനോഹരമായ മാതൃകാ സ്റ്റാളൊരുക്കി വ്യത്യസ്തമായി കുമളി ഗ്രാമപഞ്ചായത്ത്. ഈറ്റകൊണ്ട് മറച്ച് ഓലമേഞ്ഞ് അതിനു മുന്നില്‍ അലങ്കാരച്ചെടികളും പൂച്ചട്ടികളുമൊക്കെയൊരുക്കി അകത്ത് കരകൗശലവസ്തുക്കള്‍ നിറച്ച ഈ സ്റ്റാളിലെ കാഴ്ചകളൊക്കെ പാഴ്വസ്തുക്കള്‍കൊണ്ട് തീര്‍ത്ത വര്‍ണ്ണക്കാഴ്ചകളാണ്. മാലിന്യസംസ്‌കരണ രംഗത്തെ കുമളി ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ ഇടപെടലുകളുടെ സാക്ഷ്യമാണ് ഈ കാഴ്ചകള്‍. പ്ലാസ്റ്റിക്, കുപ്പികള്‍, പേപ്പര്‍, ടയറുകള്‍ തുടങ്ങി നാം വലിച്ചെറിയുന്ന അസംസ്‌കൃത മാലിന്യങ്ങളെയാണ് പലരൂപത്തിലും ഭാവത്തിലും ചിത്രങ്ങളും ശില്‍പ്പങ്ങളും അലങ്കാര വസ്തുക്കളും ചെടിച്ചട്ടികളുമൊക്കെയാക്കിയിരിക്കുന്നത്. ടയറുകൊണ്ടുള്ള പൂച്ചട്ടി, ആമ്പല്‍ക്കുളം, കുപ്പികള്‍കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, പേപ്പര്‍ പേനകള്‍, ചിരട്ടകൊണ്ടുള്ള ശില്‍പങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് പ്രദര്‍ശനപ്പുരയിലുള്ളത്.
ഗ്രാമപഞ്ചായത്തിലെ ക്ലീന്‍ കുമളി, ഗ്രീന്‍ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മാലിന്യ സംസ്‌കരണത്തിനുള്ള നവീനാശയം നടപ്പിലാക്കിയത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. ജനങ്ങളുടെയും കുമളിയിലെ വ്യാപാര സ്ഥാപനങ്ങളുടെയും മികച്ച പിന്തുണ പദ്ധതിക്കുണ്ട്. പഞ്ചായത്തിലെ പ്രദേശങ്ങളെ മാലിന്യമുക്ത ഇടങ്ങളായി സംരക്ഷിക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരും അവരുടെ കുടുംബങ്ങളുമാണ് മാലിന്യത്തില്‍ നിന്ന് ഈ മനോഹര ശില്‍പങ്ങളും വര്‍ണ്ണകാഴ്ചകളും ഒരുക്കുന്നത്.

 

date