Skip to main content
പാറമ്പുഴ ദേവീവിലാസം ഗവൺമെന്റ് എൽ.പി സ്കൂൾ മാതൃകാ പ്രീ സ്കൂൾ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

പൂട്ടാനിരുന്ന സ്കൂളുകളിൽ  പോലും പ്രവേശത്തിന് തിക്കും തിരക്കും : മന്ത്രി വി.എൻ വാസവൻ

 

കോട്ടയം: പൂട്ടാൻ നിശ്ചയിച്ച സ്കൂളുകളിൽ പോലും വിദ്യാർഥി പ്രവേശനത്തിന് തിക്കും തിരക്കുമുണ്ടാകത്തക്കവിധം സംസ്ഥാനത്തെ സ്കൂളുകൾ പുരോഗതി പ്രാപിച്ചതായി സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പാറമ്പുഴ ദേവീവിലാസം ഗവൺമെന്റ് എൽ.പി സ്കൂൾ മാതൃകാ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഒടിഞ്ഞ കാലുള്ള ബഞ്ചും ഡസ്കും ഒരു ബ്ലാക് ബോർഡും മാത്രമുണ്ടായിരുന്ന ക്ലാസ് മുറികൾ മാറി വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കടന്നു വരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. പൊതു വിദ്യാഭ്യാസയജ്ഞം പദ്ധതി നടപ്പാക്കാൻ തുടങ്ങിയതോടെ 10 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് അൺ എയ്ഡഡ് മേഖലയിൽ നിന്നും എയ്ഡഡ്, സർക്കാർ മേഖലയിലേക്ക് കടന്നു വന്നത്. പ്രീപ്രൈമറിയിൽ നിന്ന് തുടങ്ങി പൊതു വിദ്യാഭ്യാസം അതിന്റെ എല്ലാ പൂർണതയിലുമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്കൂൾ തുറക്കുംമുമ്പ് തന്നെ പാഠപുസ്തകം, യൂണിഫോം, നോട്ട്ബുക്ക് എന്നിവയടക്കം ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ്  മാതൃകാ പ്രീ- സ്കൂളും കുട്ടികളുടെ പാർക്കും സ്ഥാപിച്ചത്. 
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാർ, നഗരസഭാംഗങ്ങളായ ലിസി കുര്യൻ, സാബു മാത്യു, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ആഷ ജോർജ്, കുമാരനെല്ലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ആർ. ചന്ദ്രമോഹനൻ , ജോജി കുറത്തിയാടൻ, എം.വി ശ്രീലത, ബി. ദയാകുമാരി, പി.ജി. സക്കറിയ,  റിജോഷ് കെ. തോമസ്, പി.ടി.എ പ്രസിഡന്റ് ടി. ഗോപകുമാർ എന്നിവർ പങ്കെടുത്തു

date