Skip to main content

പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി സ്കൂൾ മാർക്കറ്റ് തുടങ്ങി

 

കോട്ടയം: സാധാരണക്കാരുടെ ജീവിതത്തിൽ ആശ്വാസമേകുന്ന തരത്തിലുള്ള ഇടപെടലുകളാണ് സഹകരണ വകുപ്പ് വഴി സർക്കാർ നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. പഠനോപകരണങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിനായി കൺസ്യൂമർഫെഡ് നടത്തുന്ന സ്റ്റുഡന്റ് മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ പന്നിമറ്റം ശാഖയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി ആരംഭിക്കുന്ന കൺസ്യൂമർഫെഡിന്റെ പുതിയ ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 
സംസ്ഥാനത്തുടനീളം സർക്കാർ കൺസ്യൂമർഫെഡ് വഴി സ്കൂൾ മാർക്കറ്റുകൾ ആരംഭിച്ചു. വിപണിയിലുള്ളതിനേക്കാൾ 20 ശതമാനം വിലക്കുറവിൽ കുട്ടികൾക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്കൂൾ മാർക്കറ്റു വഴി ലഭ്യമാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുവിപണിയിൽ ശക്തമായി ഇടപെട്ട് സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന നയമാണ് കൺസ്യൂമർഫെഡ്, സപ്ലൈകോ മുതലായ പൊതുവിപണന കേന്ദ്രങ്ങൾ വഴി സർക്കാർ സാധ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  വിദ്യാർത്ഥികൾക്കാവശ്യമായ സ്കൂൾ - കോളേജ് ത്രിവേണി നോട്ട്ബുക്കുകൾ, വിവിധ കമ്പനിയുടെ ബാഗുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, കുടകൾ, മഴക്കോട്ടുകൾ, ഇൻസ്ട്രമെന്റ് ബോക്സ് തുടങ്ങിയ എല്ലാവിധ പഠനോപകരണങ്ങളും സ്റ്റുഡന്റ്സ് മാർക്കറ്റ് മുഖാന്തരം കുറഞ്ഞ വിലക്ക് ലഭിക്കും. 
പനച്ചിക്കാട് റീജിനൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എം ചാണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം ഇ .ആർ .സുനിൽ കുമാർ, കോട്ടയം അസിസ്റ്റന്റ് രജിസ്ട്രാർ കെ. പി. ഉണ്ണികൃഷ്ണൻ നായർ, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ ലിജി വിജയകുമാർ, സി. എം സലി, എം. കെ കേശവൻ എന്നിവർ പങ്കെടുത്തു.

date