Skip to main content
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.

എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും  ജൂണ്‍ മാസത്തോടെ ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് പ്രാരംഭം കുറിക്കും. ഏവര്‍ക്കും ശുദ്ധജലം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നാല്‍പ്പതിനായിരം കോടി രൂപ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 2316 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 24.86 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
റാന്നിയിലെ 12  ഗ്രാമ പഞ്ചായത്തുകള്‍ക്ക് കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ 530 കോടി രൂപ ഇതുവരെ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു.
  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ജേക്കബ് സ്റ്റീഫന്‍, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആലിച്ചന്‍ ആറൊന്നില്‍, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ എസ്. ലീനാകുമാരി, കേരള തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date