Skip to main content
സിഎഫ്ആര്‍ഡി കോമ്പൗണ്ട് ഹാളില്‍ ചേര്‍ന്ന കോന്നി /കോഴഞ്ചേരി താലൂക്കുകളുടെ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു.

സംസ്ഥാനത്തെ ഭക്ഷ്യധാന്യസംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ വ്യാപകമാക്കും: മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്ത് ഭക്ഷ്യധാന്യസംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സിഎഫ്ആര്‍ഡി കോമ്പൗണ്ട് ഹാളില്‍ ചേര്‍ന്ന കോന്നി /കോഴഞ്ചേരി താലൂക്കുകളുടെ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പുരഹിത കേരളം ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ആധുനികസൗകര്യങ്ങളുള്ള ഗോഡൗണുകള്‍ ആരംഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച പരാതികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലെ അസൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങള്‍ നേരിടുന്ന മേഖലയാണ് ഭക്ഷ്യപൊതുവിതരണരംഗം. ശാസ്ത്രീയമായ ഗോഡൗണുകളുടെ നിര്‍മാണത്തിലൂടെ എല്ലാ വെല്ലുവിളികളേയും അതിജീവിക്കാന്‍ സാധിക്കും. ഗോഡൗണുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനം, വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഭക്ഷ്യപൊതുവിതരണരംഗം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍  സാധിക്കുമെന്നും റേഷന്‍ വ്യാപരികളുടെ വരുമാനം വര്‍ധിപ്പിക്കുന്ന നടപടികള്‍ക്കും ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ 100 ദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എല്ലാ താലൂക്കുകളിലും നിര്‍മിക്കുന്ന ആധുനിക രീതിയിലുള്ള ഗോഡൗണുകള്‍  ഇതിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഭക്ഷ്യപൊതുവിതരണരംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനും വകുപ്പിനെ ജനകീയമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.  
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ദേവകുമാര്‍, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷാ ജയകുമാര്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ എം. അനില്‍, എ. ദീപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date