Skip to main content

സ്ഥലം ജപ്തി ചെയ്യില്ല; അദാലത്ത് വേദിയിൽ ഷീജയ്ക്കും മക്കൾക്കും മന്ത്രിയുടെ ഉറപ്പ്

കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് 2013ൽ കുടവൂർ സ്വദേശി ഷീജ, സ്ഥലം ഈട് വച്ച് വർക്കല സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും വായ്പയെടുത്തത്. വിദേശത്ത് ജോലിയുള്ള ഭർത്താവിന്റെ വരുമാനമായിരുന്നു തിരിച്ചടവിനുള്ള ഏക ആശ്രയം. എന്നാൽ വീട് പണി പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഷീജയും ഭർത്താവും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്.

മൂന്ന് മക്കളും വൃദ്ധയായ മാതാവും മാത്രമുള്ള കുടുംബത്തിന്റെ നിലവിലെ ഏക ആശ്രയം ഷീജയുടെ തയ്യൽ ജോലി മാത്രമാണ്. ജീവിതചെലവുകളും മക്കളുടെ പഠനവും ഒക്കെ ഈ വീട്ടമ്മയ്ക്ക് ഇന്ന് താങ്ങാവുന്നതിലും അപ്പുറം ബാധ്യതയാണ്.

ഇതിനിടെ വായ്പ തവണകളുടെ അടവ് മുടങ്ങി. 2021ൽ വായ്പ പുതുക്കിയെങ്കിലും തിരിച്ചടവിന് ഒരു മാർഗവും ഷീജയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. കുടിശിക തുക ഈ മാസം 15ന് മുൻപായി നൽകിയില്ലെങ്കിൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുമെന്ന് നോട്ടീസ് നൽകി. എന്ത് ചെയ്യണമെന്ന് മാർഗമില്ലാതെ വിഷമിച്ച ഷീജയുടെ മുന്നിൽ പ്രതീക്ഷയുമായി അദാലത്ത് വാർത്തയെത്തി.

ഷീജയുടെ നിസ്സഹായവസ്ഥ മനസിലാക്കി ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ മന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടു. കുടുംബവുമായി ചർച്ച നടത്തി വായ്പ ഗഡുക്കളായി തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകാനും മന്ത്രി നിർദേശിച്ചു.

date