Skip to main content

പരാതികൾ പരിഹരിച്ച് വർക്കല താലൂക്ക്തല അദാലത്ത്: തീർപ്പാക്കിയത് 650 പരാതികൾ

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരില്‍ ആരംഭിച്ച താലൂക്ക് തല അദാലത്തില്‍ വർക്കല താലൂക്കില്‍ ആകെ ലഭിച്ചത് 2052 അപേക്ഷകളാണ്. ഇതില്‍ ഇന്ന് (മെയ് 09) മാത്രം ലഭിച്ചത് 510 അപേക്ഷകളാണ്. 650 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 853 അപേക്ഷകളും നിരസിച്ച 549 അപേക്ഷകളും ഉള്‍പ്പെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 877 അപേക്ഷകള്‍ ലഭിച്ചതില്‍ 372 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 147 അപേക്ഷകള്‍ തീര്‍പ്പാക്കി. കാർഷിക വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 34 പരാതികളും തീർപ്പാക്കി. സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട് 27 അപേക്ഷകളും  റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 15 അപേക്ഷകളും  പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട 12 അപേക്ഷകളും കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട 13 അപേക്ഷകളും പരിഹരിച്ചു.

9 അപേക്ഷകളാണ് എ ഡി എമ്മുമായി ബന്ധപ്പെട്ട് തീർപ്പാക്കിയത്. ജലസേചനവുമായി ബന്ധപ്പെട്ട് ഏഴ് അപേക്ഷകളും വാട്ടർ അതോറിറ്റി നാലും ആരോഗ്യ വകുപ്പ് മൂന്നും ചിറയിൻകീഴ് താലൂക്കുമായി ബന്ധപ്പെട്ട് രണ്ടും വനം വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതിയും തീർപ്പാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ നടന്ന അദാലത്തുകളിൽ ആയിരക്കണക്കിന് പരാതികളാണ് തീർപ്പാക്കിയത്. കാട്ടാക്കട മെയ്‌ 11 നും ചിറയിന്‍കീഴ് മെയ്‌ 16നും അദാലത്തുകള്‍ നടക്കും.

date