Skip to main content

ഇ- മുറ്റം: ഡിജിറ്റല്‍ ലിറ്ററസി സര്‍വേ പരിശീലനം നടത്തി

 സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സര്‍വേയുടെ വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷയായി. 15 വയസിന് മുകളില്‍ പ്രായമുള്ള ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി പരിശീലനം നല്‍കി സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 14 ഗ്രാമപഞ്ചായത്തുകളിലാണ് നടത്തുന്നത്. ആലപ്പുഴ ജില്ലയില്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഇ- മുറ്റം പദ്ധതി നടപ്പാക്കുന്നത്. 

സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് പദ്ധതി വിശദീകരിച്ചു. കൈറ്റിന്റെ മാസ്റ്റര്‍ ട്രയിനര്‍മാരായ എം.ജി. ഉണ്ണികൃഷ്ണന്‍, ടി. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. വൈസ് പ്രസിഡന്റ് വി. സജി, സ്ഥിരം സമിതി അധ്യക്ഷരായ ഷീല സുരേഷ്, പി.ജെ. ഇമ്മാനുവല്‍, എന്‍.എസ്. ശാരിമോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date