Skip to main content

കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഭാവിയിലെ മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍  പരിശീലന ക്യാമ്പ് ആരംഭിച്ചു. ചിത്തിരപുരം പഞ്ചായത്ത് ഗ്രൗണ്ടില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. വി. കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു ക്യാമ്പിന് തുടക്കം കുറിച്ചു.  .ദേശീയ/ സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളെ പളളിവാസല്‍ ഗ്രാമപഞ്ചായത്ത്  സംഭാവന ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിലാകും  ഈ ക്യാമ്പ് ഭാവിയില്‍ അറിയപ്പെടുകയെന്നും കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും ഇത് ഉപകരിക്കുമെന്നും എല്ലാവര്‍ക്കും ഇതൊരു മാതൃകയാണെന്നും ജോയിന്റ് ഡയറക്ടര്‍  ഉത്ഘാടന യോഗത്തില്‍ പറഞ്ഞു.
       പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂതന പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ 11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്  20 ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ പരിശീലനം നല്കുന്നത് സര്‍ക്കാര്‍ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ്. ക്യാമ്പിന് ശേഷം പ്രൊഫഷണല്‍ നിലവാരമുള്ള പഞ്ചായത്ത് തല ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കുക എന്നതാണ് ലക്ഷ്യം.
      യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എം ഭവ്യ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിഎസ് അഭിലാഷ്,  ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ ശശികുമാര്‍ പി, സുജി ഉല്ലാസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ നിസ്സാര്‍ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ,വിവിധ ലൈബ്രറി, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date