Skip to main content

കോഴിക്കോട് നഗരത്തിൽ നാളെ (മെയ് 12) പുലികൾ ഇറങ്ങും

 

എന്റെ കേരളം പ്രദര്‍ശന-വിപണന മേള : നഗരത്തിൽ നാളെ വർണ്ണാഭമായ ഘോഷയാത്ര

കോഴിക്കോട് നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ നാളെ (മെയ് 12 ) പുലികൾ ഇറങ്ങും. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടാനാണ് ചെണ്ടമേളത്തോടൊപ്പം പുലികളുമെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

പുലിക്കളിക്ക് പുറമേ പഞ്ചവാദ്യം, കാവടിയാട്ടം, ടാബ്ലോ, തെയ്യം, കോല്‍ക്കളി, വട്ടപ്പാട്ട്, പൂരക്കളി തുടങ്ങി വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള നിശ്ചല ദൃശ്യങ്ങളും, പ്ലോട്ടുകളും ഘോഷയാത്രയെ വർണ്ണാഭമാക്കും.

നാളെ (മെയ് 12 ന് ) വൈകീട്ട് അഞ്ച് മണിക്ക് ബിഇഎം സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. സി.എച്ച് മേല്‍പ്പാലം വഴിയാണ് ഘോഷയാത്ര ബീച്ചിലെത്തുക.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാൻഡ് മേളത്തിൽ തുടര്‍ച്ചയായി ഒന്നാമതെത്തിയ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ബാൻഡ് സംഘമാണ് ഘോഷയാത്രയുടെ മുന്‍പിലുണ്ടാവുക. ഇതിനു പിന്നിലായി മന്ത്രിമാരും ജനപ്രതിനിധികളും കലക്ടര്‍ ഉള്‍പ്പടെയുള്ള സംഘവും അണിനിരക്കും. മുത്തുക്കുടകളും ബലൂണുകളും പ്ലക്കാര്‍ഡുകളും കൈയ്യിലേന്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പൊതുജനങ്ങളും വിവിധ കുടുംബശ്രീ യൂണിറ്റുകളും സര്‍ക്കാര്‍ ജീവനക്കാരും ഘോഷയാത്രയുടെ ഭാഗമാകും. 

താളമേളങ്ങളുടെ അകമ്പടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര കോഴിക്കോടിന്റെ സാംസ്‌ക്കാരിക തനിമയും  സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ച്ചകളും വിളിച്ചോതുന്നതാകും.

മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്.

date