Skip to main content
പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് പോലീസ് വകുപ്പും എസ്പിസി പ്രൊജക്ട് പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഞാന്‍ തന്നെയാണ് പരിഹാരം:  സാമൂഹിക പ്രതിബന്ധതയും സുസ്ഥിര ഉപഭോഗവും' എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മനസിന്റെ താക്കോല്‍ നമ്മുടെ കൈയ്യില്‍ ഭദ്രമാക്കണം: അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍

ഓരോരുത്തരുടെയും മനസ്സിന്റെ താക്കോല്‍ അവരവരുടെ കൈയ്യില്‍ ഭദ്രമാക്കണമെന്നും  ലഹരിയെ നമ്മുടെ മനസിനെയും ചിന്താധാരെയും അടിമപ്പെടുത്തുവാന്‍ അനുവദിക്കരുതെന്നും അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് പോലീസ് വകുപ്പും എസ്പിസി പ്രൊജക്ട് പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഞാന്‍ തന്നെയാണ് പരിഹാരം:  സാമൂഹിക പ്രതിബന്ധതയും സുസ്ഥിര ഉപഭോഗവും' എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.
നിയമത്തെ സ്വമേധയാ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക്ക യും വിദ്യാര്‍ഥികളില്‍ പൗരബോധം, ലക്ഷ്യബോധം, നിരീക്ഷണ പാടവം, നേത്യത്വ ശേഷി, പ്രക്യതി സ്‌നേഹം, സഹജീവി സ്‌നേഹം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തി ഉത്തമ പൗരനായി വ്യക്തിയെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയുള്ള ഊര്‍ജസ്വലമായ, മാത്യകാപരവുമായ  പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ അന്തസത്തയെ ഉള്‍കൊണ്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മാസികകള്‍, അശ്ലീല ചിത്രങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, എന്നിവയിലൂടെയുള്ള തെറ്റായ സന്ദേശങ്ങള്‍ അവര്‍ക്കിടയില്‍ ലഹരിക്ക് അടിമപ്പെടുന്നതിന് അവസരമൊരുക്കുന്നു.
യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന തെറ്റായ പ്രവണതയെ തുടച്ചു നീക്കുന്നതിനാണ് സര്‍ക്കാര്‍ യോദ്ധാവ് എന്ന പ്രോജക്ട് കൊണ്ടുവന്നത്. ഇന്ന് സംസ്ഥാന മാതൃകയില്‍ ദേശീയ തലത്തിലും, മറ്റു സംസ്ഥാനങ്ങളിലും, ചില ലോക രാജ്യങ്ങളിലും ഇതിന്റെ വ്യാപ്തി വ്യാപിച്ചു വരുന്നു എന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്
ഞാന്‍ തന്നെയാണ് പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി സാമൂഹിക പ്രതിബന്ധതയും സുസ്ഥിര ഉപയോഗവും, ഊര്‍ജ സംരക്ഷണം, ഭക്ഷണ സംരക്ഷണം, പുനരുപയോഗവും നന്നാക്കലും, വിഭവ സംരക്ഷണം , പ്രകൃതി സംരക്ഷണം, ഊര്‍ജ സുരക്ഷ എന്നീ വിഷയങ്ങളില്‍  വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എസ്പിസി ( സ്റ്റുഡന്റ് പോലീസ്  കേഡറ്റ്) വിദ്യാര്‍ഥികള്‍ അവരുടെ ചിന്തകളും ഉള്‍ക്കാഴ്ച്ചകളും അനുഭവങ്ങളും പങ്കിട്ടുകൊണ്ട്  വിഷയാവതരണം നടത്തി. അഷ്ടാംഗ മാര്‍ഗമായാണ് ഓരോ വിഷയത്തെയും ക്രമപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയാണ് സുസ്ഥിര ഉപഭോഗത്തിലുടെ ലക്ഷ്യമിടുന്നത്.
   
 

date