Skip to main content

'എന്റെ കേരളം മേള: പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിൽ വിളംബര ജാഥ പര്യടനം പൂർത്തിയാക്കി

രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥയ്ക്ക് വിവിധ മണ്ഡലങ്ങളിൽ അവേശഭരിത വരവേൽപ്പ്. പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിൽ കൂടി പര്യടനം പൂർത്തിയാക്കി. പാറശാല മണ്ഡലത്തിലെ പ്രചാരണ പരിപാടി കുന്നത്തുകാലിൽ സി. കെ ഹരീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര മണ്ഡലത്തിൽ കെ അൻസലൻ എം. എൽ. എയും കാട്ടാക്കട മണ്ഡലത്തിൽ ഐ. ബി സതീഷ് എം എൽ എയും വിളംബര ജാഥയിൽ പങ്കാളികളായി.എന്റെ കേരളം പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വര്‍ഷം അതത് മണ്ഡലങ്ങളിൽ  നടത്തിയ വികസന പ്രവർത്തനങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും ജാഥയുടെ ഭാഗമായി നടന്നു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ പി. കെ.രാജ്മോഹൻ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

date