Skip to main content

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കും - മന്ത്രി സജി ചെറിയാൻ

 

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. എലത്തൂർ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവിപണന രം​ഗത്ത് വനിതകൾക്ക് ഇടപെടാനുള്ള അവസരം ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണത്തിനുള്ള പദ്ധതി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ മറ്റ് അം​ഗങ്ങൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാ​ഗമായി തൊഴിൽ മേളകളും, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളും നടത്തും. നിലവിൽ ഉപയോ​ഗിക്കുന്ന മണ്ണെണ്ണ എഞ്ചിനുകൾ മാറ്റി അവയ്ക്ക് പകരം പെട്രോളിലും ഡീസലിലും എൽ.പി.ജിയിലും പ്രവർത്തിപ്പിക്കുന്നവ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. കടലിൽ പോയി ഏത് സാഹചര്യത്തിൽ മരണപ്പെട്ടാലും ആ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായമായി നൽകും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിർബന്ധമായും ഇൻഷുറൻസ് എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

വനം വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തീരദേശ  വികസനത്തിനായി നിരവധി പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. കാലതാമസം പരിഹരിച്ച് ത്വരിതഗതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസം കഴിയുമ്പോഴേക്കും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് വിവിധ അദാലത്തുകളിലൂടെ പരിഹാരം നൽകാനാകുമെന്നും മന്ത്രി പറ‍ഞ്ഞു. 123 പരാതികളാണ് എലത്തൂർ മണ്ഡലത്തിലെ തീരസദസ്സിൽ പരിഗണിച്ചത്. 

മണ്ഡലം തീര സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചർച്ച നടന്നു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന്  മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് വേ​ഗത്തിൽ പരിഹാരം കാണുകയും പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുകയും ചെയ്യുന്ന മണ്ഡലമാണ് എലത്തൂർ. കോരപ്പുഴ ഡ്രഡ്ജിം​ഗ്, കുടിവെള്ള പ്രശ്നം, കടൽഭിത്തി നവീകരണം, മാലിന്യപ്രശ്നം, സി.ആർ.സെഡ് എന്നിവയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ വേ​ഗത്തിൽ പരിഹരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർക്ക് മന്ത്രി ഉറപ്പുനൽകി. ബോട്ട് റിപ്പയറിം​ഗ് യാർഡ് സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. 

കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്,  കൗൺസിലർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൗൺസിലർ വി.കെ മോഹൻദാസ് സ്വാഗതവും ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ആർ. അമ്പിളി നന്ദിയും പറഞ്ഞു.

date