Skip to main content

രജിസ്ട്രേഷൻ വകുപ്പ്  പൂർണ്ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് - മന്ത്രി വി.എൻ വാസവൻ

 

രജിസ്ട്രേഷൻ വകുപ്പിൽ പൂർണ്ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നിർമ്മാണം പൂർത്തീകരിച്ച കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും  രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ ആധാരം ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. പോക്കുവരവ്, ആധാരം രജിസ്റ്റർ ചെയ്ത  ദിവസം തന്നെ  ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പുമായി ധാരണയായിട്ടുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദന കർമ്മം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് സഹായകരമായ പ്രവർത്തന രീതിയാണ് രജിസ്ട്രേഷൻ വകുപ്പ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നരനൂറ്റാണ്ട് കാലമായി വിലമതിക്കാനാവാത്ത രേഖകൾ സംരക്ഷിച്ച് കൊണ്ട് പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളുടെ പ്രവർത്തനങ്ങൾ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയോടെ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബിയുടെ സഹായത്തോടെ രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കിയ കെട്ടിട നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.76 കോടി രൂപ ചെലവിൽ ആധുനിക സൗകര്യത്തോടെയാണ് കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജനറൽ, ഓഡിറ്റ് ജില്ലാ രജിസ്ട്രാർമാർ, ഉത്തരമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ചിട്ടി ഓഡിറ്റ് ഓഫീസുകൾ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കെ.എസ്.സി.സി ജനറൽ മാനേജർ രമ പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരാസൂത്രണം സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കൗൺസിലർ എസ്.കെ അബൂബക്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആധാരമെഴുത്ത് സംഘടനാ പ്രതിനിധി എന്നിവർ സംസാരിച്ചു. ജില്ലാ രജിസ്ട്രാർ കെ ശ്രീനിവാസൻ സ്വാഗതവും കോഴിക്കോട് സബ് രജിസ്ട്രാർ മുരളീധരൻ എം  നന്ദിയും പറഞ്ഞു.

date