Skip to main content

നെെപുണ്യ വികസനത്തിലൂടെ മികച്ച ജോലി നേടാം, അവസരങ്ങളുടെ വാതിൽ തുറന്ന് അസാപ്

പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ് ഇനിയെന്ത് പഠിക്കുമെന്ന ആശയക്കുഴപ്പത്തിലാണോ? ആശങ്ക വേണ്ട, നിങ്ങൾക്ക് കൂട്ടായി അസാപുണ്ട്. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ തിരക്കേറിയ സ്റ്റാളായി അസാപ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കമ്പനിയായ അസാപാണ് നെെപുണ്യവികസനത്തിനായി നൽകുന്ന വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുന്നത്.

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഒരു സംരംഭമാണ്.  വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അവരുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകൾ പരിശീലിപ്പിക്കുന്നതിനാണ് അസാപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഴ്‌സുകളുടെ ആവശ്യകതയും ഇൻഡസ്ട്രി ഡിമാൻ്റും മനസിലാക്കിക്കൊണ്ടുള്ള ഒരു സ്‌കിൽ എക്കോസിസ്റ്റമാണ് അസാപിനുള്ളത്. സ്കൂളുകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ, സ്‌കിൽ പാർക്കുകൾ, പരിശീലന ദാതാക്കൾ, വ്യവസായ സംരംഭങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടനയാണ് അസാപിന്റേത്.

 ഐടി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഭാഷാ പഠനം, മീഡിയ ആന്റ് എന്റർടെയിൻമെന്റ് തുടങ്ങി 19 തോളം വിഭാഗങ്ങളിലായി 150 ൽ പരം കോഴ്സുകൾ അസാപിലൂടെ നൽകുന്നുണ്ട്. കോഴ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ വൈദഗ്ധ്യം കെെവരിക്കാനും മെച്ചപ്പെട്ട തൊഴിൽ നേടാനും മികച്ചഭാവി സൃഷ്ടിക്കാനും സാധിക്കും. കോഴ്സുകൾക്കൊപ്പം ഇന്റേൺഷിപ്പിനും പ്രശസ്ത സ്ഥാപനങ്ങളിൽ പ്ലേസ്മെന്റിനുള്ള  അവസരവും അസാപ് ഒരുക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അസാപിലൂടെ തൊഴിൽ മേഖലയിൽ വെെദഗ്ദ്യം നേടി മികച്ച തൊഴിൽ സ്വന്തമാക്കിയത്

കോഴിക്കോട് ജില്ലയിലെ അസാപ് സെന്ററുകള്‍ക്കു കീഴില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും കോഴ്സുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്.  ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ട്രെയിനര്‍ ആകുവാന്‍ കഴിയുന്ന എന്‍.എസ്.ക്യൂ.എഫ് ലെവല്‍ 6 കോഴ്സ്, ഐ.ഇ.എൽ.ടി.എസ് അക്കാദമിക് പരിശീലനം, ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET), എൻറോൽഡ് ഏജന്റ്, തുടങ്ങി വിവിധങ്ങളായ തൊഴിൽ സാധ്യതകളുള്ള കോഴ്സുകളാണ് അസാപ് നൽകുന്നത്. വിദേശരാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ഓണ്‍ലൈന്‍ പഠനത്തിന് അവസരവുമുണ്ടിവിടെ. കൂടുതൽ വിവരങ്ങൾക്കായി  asapkerala.gov. in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date