Skip to main content

ഫാം ടൂറിസത്തെ അടുത്തറിയാം: കർഷക ക്ഷേമവകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു

 

കാർഷിക മേഖലക്ക് മുതൽക്കൂട്ടാവുന്ന ഫാം ടൂറിസത്തെക്കുറിച്ചറിയാം കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ. കാർഷിക വികസന കർഷക ക്ഷേമവകുപ്പാണ് സ്റ്റാൾ ഒരുക്കിയത്. ഓരോ കുടുംബത്തിനും ഒരു പച്ചക്കറി തോട്ടം എന്ന ലക്ഷ്യത്തോടെ തുള്ളിനന കൃഷിയുടെ മാതൃകയും സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്.

കൃഷിയും ടൂറിസത്തിന്റെ അനന്തസാധ്യതകളും ഉപയോഗപ്പെടുത്തുന്നതാണ് ഫാം ടൂറിസം. പരമ്പരാഗത കൃഷിമുറകൾ, ശാസ്ത്രീയ കൃഷി അറിവുകൾ എന്നിവ കാണാനും അറിയാനും നൂതന സംരഭങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ പരിചയപ്പെടാനും ഫാം ടൂറിസം സഹായകരമാവും.

കർഷകർക്ക് കൃഷി വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം. ഫാം ടൂറിസത്തിന്റെ മാതൃകക്കൊപ്പം ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. കാർഷിക സംബന്ധമായ വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും കൃഷിരീതികളെ കുറിച്ചു വിവരിക്കുന്ന ലീഫ് ലെറ്റുകളും ബുക്ക്ലെറ്റുകളും സൗജന്യമായി ഇവിടെനിന്നും ലഭിക്കുന്നു.

കാർഷിക ഡ്രോൺ കാണാനും പ്രവർത്തനങ്ങളെക്കുറിച്ചറിയാനും സ്റ്റാൾ സഹായകമാവും. വിവിധയിനം തേങ്ങകൾ, തൈകൾ, വിത്തുകൾ എന്നിവയെക്കുറിച്ചും മനസിലാക്കാം. അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി വിവിധയിനം ചെറുധാന്യങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വകുപ്പിന് കീഴിൽ വിവിധ സംരംഭങ്ങളിലായി ഉത്പാപദിപ്പിച്ച വിവിധ ഉത്പന്നങ്ങൾ വാണിജ്യ സ്റ്റാളിലുണ്ട്.

date