Skip to main content

എൻ്റെ കേരളം പ്രദർശന വിപണന മേളയിലെത്തുന്നവർക്ക് യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ്  സ്വന്തമാക്കാം

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിൽ  ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ വിവിധ പരിശോധനകൾക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി സൗജന്യ സേവനങ്ങളാണ്.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിൽ ഇ-ഹെൽത്ത് കേരളയുടെ ഭാഗമായി സൗജന്യമായി നൽകുന്ന യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ് മേളയിൽ നിന്ന് സ്വന്തമാക്കാം. പേര് വിവരങ്ങൾ, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനകളുടെ വിവരങ്ങൾ, രോഗങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരെ സന്ദർശിച്ചതിന്റെ വിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ കാർഡിൽ ഉൾപ്പെടും. ഒരാൾക്ക് ചികിത്സ ആവശ്യമായി വരുമ്പോൾ ചികിത്സക്ക് മുമ്പ് തന്നെ ആ വ്യക്തിയുടെ രോഗ ചരിത്രത്തെ കുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും അറിയാൻ ഈ സംവിധാനം സഹായകരമാണ്.

ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ ‘വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും നടക്കുന്നുണ്ട്. ഇവിടെ 14നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഷുഗർ, പ്രഷർ, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ) എന്നിവയുടെ പരിശോധനയും നടത്തും.  ആരോഗ്യ പ്രശ്നമുള്ളവരോട് അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.

ആരോഗ്യ രംഗത്തെ ക്ഷേമപദ്ധതികൾ, സേവനങ്ങൾ, വാക്‌സിനേഷൻ ബോധവത്കരണം, ആരോഗ്യ ഇൻഷുറൻസ്, ആർദ്രം മിഷൻ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങളും സ്റ്റാളിലുണ്ട്. ദന്ത സംരക്ഷണം, എലിപ്പനി, നേത്രരോഗം, വയറിളക്കം, നിപ വൈറസ് ബാധ സംബന്ധിച്ച മുൻകരുതലുകൾ തുടങ്ങിയവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രദർശന നഗരിയിലെത്തുന്നവർക്ക് അവശ്യംവേണ്ട ആംബുലൻസ്, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയവയും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

date