Skip to main content

വ്യത്യസ്ത സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി എന്റെ കേരളം പ്രദർശന വിപണനമേള

   
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് ജനകീയ മുഖം പകർന്ന് നിരവധി സൗജന്യ സേവനങ്ങൾ.

അരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിൽ ഒരുക്കിയിട്ടുള്ള ആരോഗ്യ സേവനങ്ങൾ വഴി 15നും 59നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും സാധാരണ അളവിൽ കുറവുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ജീവിതശൈലീ രോഗനിർണയം നടത്തുകയും ചെയ്യുന്നു.

ഇ ഹെൽത്ത് കേരളയുടെ ഭാഗമായി സൗജന്യ യൂണിക്‌ ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡും മേളയിൽ നിന്നും സ്വന്തമാക്കാം. ഇത് കൂടാതെ ഷുഗർ, പ്രഷർ, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ) എന്നിവയുടെ സൗജന്യ പരിശോധനയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

അക്ഷയ ഇ സെന്ററിൽ എല്ലാ സേവനങ്ങളും സർവീസ് ചാർജ് ഒഴിവാക്കിയാണ് ലഭ്യമാക്കുന്നത്. മേളയിൽ എത്തുന്ന പൊതുജനങ്ങൾക് ആധാർ റെജിസ്ട്രേഷൻ, ആധാർ പുതുക്കൽ, നികുതി അടവ്, കറണ്ട് ബില്ല് അടക്കൽ, റേഷൻ കാർഡിലെ തിരുത്തലുകൾ തുടങ്ങിയ അക്ഷയ കേന്ദ്രം വഴിയുള്ള എല്ലാ സേവനങ്ങളെല്ലാം തികച്ചും സൗജന്യമാണ്. 

ഉദ്യോഗാർത്ഥികൾക്ക് സൗജന്യ എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷൻ സൗകര്യവും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന പത്താം ക്ലാസ്, പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾ കരിയർ കൗൺസിലിങ് സേവനം പ്രയോജനപ്പെടുത്തിയാണ് മടങ്ങുന്നത്.

തൊഴിലന്വേഷകർക്കായി കെ ഡിസ്‌ക്, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി സേവനങ്ങൾ നൽകിവരുന്നുണ്ട്. 

പഞ്ചായത്ത് മുഖേനയുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തൊഴിലുറപ്പ് പ്രവർത്തിക്കുള്ള ജോബ് കാർഡ് സൗജന്യ സ്പോട് റജിസ്‌ട്രേഷൻ സൗകര്യം നൽകി തദ്ദേശ സ്വയംഭരണ വകുപ്പും സജീവമാണ്. വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിരവധി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ സഹായം  നൽകി കൊണ്ട് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാളും മേളയിലുണ്ട്. സൗജന്യ നിയമ സേവനങ്ങളും, പൊതുജനങ്ങൾക്ക് നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണവും  നിയമസേവന അതോറിറ്റിയുടെ സ്റ്റാളിലൂടെ  നൽകുന്നു.

വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ മെയ് 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇത്തരത്തിലുള്ള നിരവധി സൗജന്യ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

date