Skip to main content

പനച്ചമൂട്ടിൽ ആധുനിക മത്സ്യ മാർക്കറ്റ് ഉയരും

പാറശാല പനച്ചമൂട് മത്സ്യമാർക്കറ്റിന്റെ നിർമാണോദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കിഫ്ബി ധനസഹായത്തോടെ 5.35 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് മാർക്കറ്റ് നിർമിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം നിർമിക്കുന്നത്.

2400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഇരുനില മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 50 റീട്ടേയിൽ സ്റ്റാളുകൾ, രണ്ട് ലേല ഹാളുകൾ, ചിൽ റൂം സംവിധാനം, ഫുഡ് സേഫ്റ്റി റൂം, രണ്ട് സെക്യൂരിറ്റി മുറികൾ, പുരുഷന്മാർക്കും, സ്ത്രീകൾക്കും പ്രത്യേകം വിശ്രമ മുറികൾ, ടോയ്‌ലറ്റ് സംവിധാനം എന്നിവയും മുകളിലത്തെ നിലയിൽ ദിവസകച്ചവടക്കാർക്കായി സ്റ്റാളുകളും സജ്ജമാക്കും.

ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിൻലസ് സ്റ്റീൽ ഡിസ്‌പ്ലേ ട്രോളി, സിങ്കുകൾ, ഡ്രയിനേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവ മാർക്കറ്റിൽ സജ്ജീകരിക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകൾ, ഇന്റർലോക്കിംഗ് പാകിയ പാർക്കിംഗ് ഏരിയ, മതിയായ ഡ്രെയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക, അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതികമായ വർധനവ് കൊണ്ടുവരിക, മത്സ്യവിപണനം വിപുലീകരിക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടിയാണ് മത്സ്യമാർക്കറ്റ് നവീകരിക്കുന്നത്.

date