Skip to main content

'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാവണം: മന്ത്രി കെ രാധാകൃഷ്ണൻ

ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഇരിട്ടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിസ്സാര കാര്യങ്ങൾക്ക് കാത്തിരിക്കേണ്ടി വരികയെന്നത് ജനങ്ങൾക്ക് അസഹനീയമായ കാര്യമാണ്. പരാതികൾ വേഗം തീർക്കുന്ന ഉദ്യോഗസ്ഥർ ഏറെയുണ്ട്. എന്നാൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നവരുമുണ്ട്. അവരത് തിരുത്തണം. കാലതാമസം ഒഴിവാക്കുക, കാര്യക്ഷമത വർദ്ധിപ്പിക്കുക, അഴിമതി നടത്താതിരിക്കുക എന്നതാവണം ഉദ്യോഗസ്ഥരുടെ കടമ. പരാതികൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാവാൻ പാടില്ല. എത്രയും പെട്ടന്ന് പരിഹരിക്കുകയെന്നതാവണം ലക്ഷ്യം-മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ഏഴ് മുൻഗണനാ കാർഡുകളുടെ വിതരണം, പത്ത് ലൈഫ്മിഷൻ വീടുകളുടെ താക്കോൽദാനം, ലക്ഷം വീടുകളിൽ താമസിക്കുന്ന അഞ്ച് പേർക്കുള്ള പട്ടയ വിതരണം എന്നിവയും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ കെ ശൈലജ ടീച്ചർ എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.കെ വേലായുധൻ, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, എ ഡി എം കെ കെ ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ എന്നിവർ പങ്കെടുത്തു.
 

date