Skip to main content
.

മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 11 കാരന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 11 വയസുകാരന്‍ അഭി അമ്മുമ്മയുടെയും അനിയന്റെയുമൊപ്പം അമ്മ ഷീജയുടെ ഒക്കത്തിരുന്നാണ് ദേവികുളം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ എത്തിയത്.
അടിമാലിയില്‍ നടന്ന അദാലത്തില്‍ എസ് ടി വിഭാഗത്തില്‍ നിന്നുള്ള അഭി ജെയ്‌സന്റെ ചികിത്സാ സഹായം സാധ്യമായതിന്റെ സന്തോഷത്തിലാണ് അമ്മയും അമ്മുമ്മയും. അതിനുവേണ്ട നടപടികള്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് വഴി അതിവേഗം സ്വീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു. ഇതുവരെ അഭിയുടെ ചികിത്സയ്ക്കായി ചെലവായ തുക സര്‍ക്കാര്‍ വഹിക്കും. തുടര്‍ ചികിത്സയ്ക്ക് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അതിനുള്ള ധനസഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മച്ചിപ്ലാവ് ചൂരകട്ടന്‍കൂടി ആദിവാസി ഊരിലാണ് ഇവര്‍ താമസിക്കുന്നത്. ഏഴു വയസ്സ് മുതല്‍ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് പേശികള്‍ക്ക് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സ്‌കൂളില്‍ പോകാനോ പഠിക്കാനോ കുട്ടിക്ക് സാധിക്കില്ല. സ്‌കൂളില്‍ പോയാല്‍ പോലും ആരുടെയെങ്കിലും സഹായമില്ലാതെ ഇരുന്നിടത്ത് നിന്ന് ചലിക്കാന്‍ സാധിക്കാത്തതിനാല്‍ ഒന്നാം ക്ലാസ്സോടെ അഭിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. ചികിത്സ ലഭ്യമാണെങ്കിലും ഈ രോഗാവസ്ഥ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കില്ല. മകന്റെ കാലുകള്‍ പൂര്‍വ്വസ്ഥിതിയിലെത്തി വീണ്ടും നടക്കണമെന്ന് നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ട് ജീവിക്കുന്ന അമ്മ ആ മകനെയും കൊണ്ട് പല ആശുപത്രികള്‍ കയറിയിറങ്ങി. എന്നാല്‍ എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞിട്ടും മകനെ നടത്തിക്കാനുള്ള പരിശ്രമം അവസാനിപ്പിക്കാന്‍ ആ അമ്മ തയ്യാറല്ല. അഭിയുടെ അച്ഛന്‍ ഒരു കൃഷിക്കാരനാണ്. തുടര്‍ ചികിത്സയ്ക്കുള്ള സഹായം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്ത് കൊണ്ട് പോയിട്ടാണെങ്കിലും മകന്റെ രോഗം ഗുണപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തിലാണ് ആ അമ്മ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.

date