Skip to main content

കുടുംബശ്രീ രജത ജൂബിലി വർഷത്തിൽ ഇരട്ട നേട്ടവുമായി കോഴിക്കോട് കോർപ്പറേഷൻ

 

കുടുംബശ്രീ രജത ജൂബിലി വർഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരങ്ങൾക്ക് കോഴിക്കോട് നഗരസഭ അർഹരായി. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നഗരസഭകളിൽ നടപ്പിലാക്കുന്ന ഒപ്പം ക്യാമ്പയിൻ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ഒന്നാം സ്ഥാനവും കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന നഗരസഭകളിൽ രണ്ടാം സ്ഥാനവും കോഴിക്കോട് നഗരസഭ കരസ്ഥമാക്കി.

അതിദരിദ്രർ, അഗതികൾ, പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കൾ, കുടുംബശ്രീ- ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി ഗുണഭോക്താക്കൾ എന്നിവർക്കുള്ള സേവനം ഒരു കുടക്കീഴിൽ കൊണ്ട് വന്ന് നടപ്പിലാക്കിയത് വഴിയാണ് ഒപ്പം ക്യാമ്പയിൻ ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്.

പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീ രജതജൂബിലി സമാപന മഹാ സമ്മേളനത്തിൽ ഏറ്റുവാങ്ങി.

കോഴിക്കോട് നഗരസഭ 2022- 23 വർഷത്തിൽ ദാരിദ്ര്യ ലഘൂകരണത്തിന്  വികസന ഫണ്ടിൽ നിന്നും 21 കോടി രൂപ മാറ്റി വെച്ച് വി ലിഫ്റ്റ്, അതിദാരിദ്ര്യം, പി എംഎവൈ, ലൈഫ്, അഗതികൾ, എച്ച്.ഐ.വി ബാധിതർ, ഭിന്ന ശേഷിക്കാർ, ബാലസഭ, വനിതകൾക്കുള്ള ഭവന പുനരുദ്ധാരണം, നഗര തൊഴിലുറപ്പ് എന്നീ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടിയത്. അവാർഡ് തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും കോർപ്പറേഷൻ മേയറും ബന്ധപ്പെട്ട ജീവനക്കാരും ഏറ്റുവാങ്ങി.

date