Skip to main content

യുവതയുടെ കാൽവെപ്പുകൾക്ക് പിന്തുണയുമായി എന്റെ കേരളം പ്രദർശന വിപണന മേള  

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ യുവതയെ ആകർഷിച്ച് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യ വികസന സ്റ്റാളുകൾ. യുവതയുടെ കേരളം എന്ന ആശയത്തിലൂന്നിയാണ്  സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന  പ്രദർശന വിപണന മേളയിലെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

കെ ഡിസ്ക്, കെയ്സ്, ഐടിഐ, അസാപ്, ഒഡെപെക് വിദ്യാഭ്യാസ വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള  തുടങ്ങിയ സ്റ്റാളുകൾ ശ്രദ്ധേയമാണ്. തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും നിരവധി സേവനങ്ങളും അവസരങ്ങളുമാണ് ഈ സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്.

ഇരുപത് ലക്ഷം തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായ്  കെ ഡിസ്ക് പദ്ധതി സേവനം എന്റെ  കേരളം പ്രദർശന വിപണന മേളയിലുണ്ട്. കെ ഡിസ്കിന്റെ പ്രധാന ആകർഷണമായ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ കോളജ് വിദ്യാർഥികൾക്ക് വിവിധ പദ്ധതികൾ തയാറാക്കാം. തൊഴിൽ അന്വേഷകരെയും ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഡി ഡബ്ലൂ എം എസ് ആപ്പ് വഴി  നാല്പത്തിയെട്ടു ലക്ഷം പേർ  രജിസ്റ്റർ ചെയ്തു. കരിയർ ബ്രേക്ക്‌ വന്നവർക്ക് സൗജന്യമായി വിവിധ കോഴ്സുകൾ പഠിക്കാനുള്ള അവസരവും, വിവരങ്ങളും സ്റ്റാൾ  മുഖേന നൽകുന്നു.

തൊഴിൽ നേടാൻ ആവശ്യമായ നൈപുണ്യ വികസനവുമായി എത്തുകയാണ് കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്. ജില്ലയിലെ കെയ്‌സിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കൗശൽ വഴിയാണ് എല്ലാ പ്രവർത്തങ്ങളും നടത്തുന്നത്. സ്കിൽ രജിസ്റ്റററി മൊബൈൽ ആപ്പിലൂടെ ടെക്നിക്കൽ രംഗത്ത് ജോലിയും ഉറപ്പാക്കുന്നു. അസ്പിരേഷൻ സർവ്വേയിലൂടെ തൊഴിലഭിരുചി കണ്ടെത്താനും സഹായിക്കുന്നു.

പൊതുമേഖലയിലെ ആദ്യ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക്കിന്റെ സ്റ്റാളിൽ തൊഴിലിനും അഭിരുചിക്കും മുൻതൂക്കം നൽകിയുള്ള സെഷനുകളാണ് ഉള്ളത്. റിക്രൂട്മെന്റ് സർവീസ്, ട്രെയിനിങ് സർവീസ് ട്രാവൽ സർവീസ്,  വിദേശത്തുള്ള പഠനം, സ്കോളർഷിപ് സ്കീമുകൾ എന്നിവയെക്കുറിച്ചറിയാൻ ഇവിടെ എത്താം.

പ്രവാസികൾ, വിദേശത്ത് തൊഴിൽ തേടുന്നവർ, വിദ്യാർത്ഥികൾ എന്നിവർക്കായി നോർക്ക റൂട്ട്സ്  ഒപ്പമുണ്ട്. പ്രവാസ പുനരധിവാസ പദ്ധതികൾ, തൊഴിൽ വൈദഗ്ധ്യം മെച്ചപെടുത്തുന്നതിനായി പരിശീലന പരിപാടികൾ, സുരക്ഷിതത്വം ഉറപ്പാകുന്നതിനായി ബോധവൽകരണം എന്നിവ സ്റ്റാൾ വഴി നൽകുന്നു.

തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നിരവധി അവസരങ്ങളുമായി എത്തുകയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. സ്ഥിരം,താത്കാലിക നിയമനങ്ങൾ,സ്വയം തൊഴിൽ പദ്ധതികൾ, വൊക്കേഷണൽ ഗൈഡൻസ് വിവരങ്ങൾ  ഇവിടെ ലഭ്യമാണ്.

ഡിഗ്രി കഴിഞ്ഞവർക്ക് ഒട്ടേറെ അവസരങ്ങൾ നൽകുകയാണ് അഡിഷണൽ സ്കിൽ അക്യുസിഷൻ പ്രൊഗ്രാം. നൂറ്റി അമ്പതിൽ അധികം കോഴ്സുകളാണ് അസാപ് യുവാക്കളിലേക്ക് എത്തിക്കുന്നത്. ഡിഗ്രി കഴിഞ്ഞവർക്ക് ജോലി ഉറപ്പ് വരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മൂന്നു മാസത്തെ അസാപിന്റെ കോഴ്സ് പഠിച്ചതിന് ശേഷം പ്ലേസ്മെന്റ് ഉറപ്പാക്കുന്നു. നിരവധി ജോലി സാധ്യതകൾ ആണ് യുവാക്കളിലേക്ക് എത്തുന്നത്. ഐ ടി രംഗത്തെ മികച്ച പിജി, ഡിപ്ലോമ കോഴ്‌സുകളാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിചയപ്പെടുത്തുന്നത്. അഡ്മിഷൻ പക്രിയ പൂർത്തികരിക്കാനുള്ള സഹായവും സ്റ്റാൾ  വഴി നൽകുന്നു.

date