Skip to main content

ജില്ലയിലെ താലൂക്ക്തല അദാലത്തുകൾ വൻവിജയം; ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകൾ ജില്ലയിൽ വൻ വിജയമായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ജില്ലയിലെ ആറ് താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ ഓരോയിടത്തും ശരാശരി 2,000 കുടുംബങ്ങൾ എത്തിച്ചേർന്നുവെന്നും നല്ല നിലയിൽ ജനങ്ങൾ സഹകരിച്ചാണ് അദാലത്തുകൾ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. മെയ് 20 മുതൽ 27 വരെ കനകക്കുന്നിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേള സംബന്ധിച്ച് വിശദീകരിക്കാൻ മന്ത്രിമാരായ ജി.ആർ അനിൽ, ആന്റണി രാജു എന്നിവർക്കൊപ്പം സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 19,432 അപേക്ഷകളാണ് ആറു താലൂക്കുകളിലുമായി ലഭിച്ചത്. ഇതിൽ 13,945 അപേക്ഷകൾ ഓൺലൈൻ ആയി ലഭിച്ചവയാണ്. നേരത്തെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 5,827 എണ്ണത്തിൽ ഉത്തരവുകൾ നൽകിയിട്ടുണ്ട്. അദാലത്ത് വേദികളിൽ നിന്ന് പുതുതായി 5,487 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ ഘട്ടം ഘട്ടമായി 15 ദിവസത്തിനകം പരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ലഭിച്ച അപേക്ഷകളിൽ കൂടുതലും ബി.പി.എൽ കാർഡിന് വേണ്ടിയുള്ളതാണെന്നും ഓരോ അദാലത്തിലും 150 ഓളം മുൻഗണനാ കാർഡുകൾ വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലൂക്ക് തല അദാലത്തുകളിൽ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നു എന്ന് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് പുതുതായി അപേക്ഷകൾ നൽകാൻ എത്തിച്ചേർന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. അദാലത്തുമായി ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ഇത് ജനങ്ങൾ സർക്കാരിന് നൽകുന്ന പിന്തുണയാണ് കാണിക്കുന്നത്. അദാലത്തിൽ എത്തിയ അവസാനത്തെ ആളിൻ്റെയും പരാതികൾ കേട്ടാണ് മന്ത്രിമാർ ഇറങ്ങിയത് - മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാം വാർഷികം, ആഘോഷം മാത്രമാക്കി ഒതുക്കാതെ ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ കൂടി നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. താലൂക്ക് തല അദാലത്തുകൾ കൂടാതെ തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരസദസ്സും വനമേഖലയിലെ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വനസൗഹൃദ സദസ്സും സംഘടിപ്പിച്ചത് ഈ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജും പങ്കെടുത്തു.

date