Skip to main content

അരുവിക്കര കടമ്പനാട് ജനകീയാരോഗ്യ കേന്ദ്രം തുറന്നു

അരുവിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കടമ്പനാട് സബ്‌സെന്റർ നവീകരിച്ച് ജനകീയാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ താഴെതട്ടിൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആരോഗ്യകേന്ദ്രങ്ങളുടെ പ്രധാന്യം വളരെ വലുതാണെന്ന് എം.എൽ.എ പറഞ്ഞു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് സബ്‌സെന്റർ നവീകരിച്ചത്. തിങ്കൽ മുതൽ ശനി വരെ വിവിധ ക്ലിനിക്കുകളാണ് ജനകീയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തന സമയം.  

സ്ത്രീ സൗഹൃദ പോഷണ ക്ലിനിക്, വയോജന ക്ലിനിക്, കുട്ടികളുടെ ക്ലിനിക്, ജീവിതശൈലി രോഗ ക്ലിനിക്,  ഗർഭിണികൾക്കുള്ള ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക് എന്നിങ്ങനെയാണ് സെന്ററിന്റെ പ്രവർത്തനം. ജീവിതശൈലി രോഗ സങ്കീർണതാ പരിശോധന, കൗൺസിലിംഗ്, പാലിയേറ്റിവ് ഗൃഹ സന്ദർശനം, വിദ്യാലയ സന്ദർശനം എന്നിവയും ജനകീയാരോഗ്യ കേന്ദ്രത്തിന്റെ സേവനങ്ങളിലുൾപ്പെടുന്നു. കടമ്പനാട് എൽ.പി സ്‌കൂളിന് സമീപമാണ് ജനകീയ ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രേണുക.വി.ആർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അലിഫിയ. എസ്, അരുവിക്കര മെഡിക്കൽ ഓഫിസർ ഡോ.ജാസ്മിൻ എന്നിവരും സന്നിഹിതരായി.

date