Skip to main content

കുളം വീണ്ടെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ; ഉദ്ഘാടനം ആഘോഷമാക്കി പ്രദേശവാസികള്‍

അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി വാര്‍ഡില്‍ പതി അമ്പലത്തിന് സമീപം 30 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതും ഉപയോഗശൂന്യവുമായിക്കിടന്നിരുന്ന പൊതു കുളം തൊഴിലുറപ്പ് തൊഴിലാളികള്‍ വീണ്ടെടുത്തു. മണ്ണ് മൂടി ഉപയോഗയോഗ്യമല്ലാതായ പൊതുകുളത്തിനാണ് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തില്‍ പുനര്‍ജീവനം ലഭിച്ചത്. ചേറാടി പ്രദേശത്തെ എല്ലാ വീടുകളിലും ഒരു കാലത്ത് ഈ കുളത്തില്‍ നിന്നുമായിരുന്നു വെള്ളം എടുത്തിരുന്നത്. കുളത്തില്‍ നിന്നും രണ്ടര കിലോമീറ്ററോളം പൈപ്പിട്ടായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ കുളം പൂര്‍ണ്ണമായി മൂടിപ്പോവുകയും ചേറാടിയില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തതോടെ പൊതുകുളത്തിന്റെ ശോച്യാവസ്ഥക്ക് ആക്കംകൂടി. വര്‍ഷങ്ങളായി മണ്ണും കല്ലും മാലിന്യങ്ങളും അടിഞ്ഞ് കാടു മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു കുളം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരാഴ്ചത്തെ ശ്രമഫലമായാണ് കുളം പുനര്‍നിര്‍മ്മിച്ചത്. 6 മീറ്റര്‍ നീളവും വീതിയും 2.5 ആഴവുമുള്ള കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 52,000 രൂപയാണ് ചിലവിട്ടത്. സംരക്ഷണഭിത്തി തേച്ച് മിനുക്കി വൈറ്റ് സിമന്റ് അടിച്ച് കുളം നവീകരിക്കുകയും ജലാശയം വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. വീണ്ടെടുത്ത  കുളത്തിന്റെ ഉദ്ഘാടനം ആഘോഷത്തോടെയാണ് പ്രദേശവാസികള്‍ ഏറ്റെടുത്തത്.
നവീകരിച്ച പൊതുകുളം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്,   ത്രിതല പഞ്ചായത്ത് അംഗങ്ങളായ സെല്‍വരാജ്, സ്നേഹന്‍ രവി, പി.എ വേലുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സിന്ധു പി. എസ്, എലിസബത്ത് ജോണ്‍സണ്‍, ഓമന ജോണ്‍സണ്‍, സുശീല ഗോപി, ബിന്ദു ബി നായര്‍, അറക്കുളം ഗ്രാമപഞ്ചായത്ത് ഗ്രാമസേവകരായ അനുശ്രീ, ജസ്സില്‍, ഓവര്‍സിയര്‍ ജയകൃഷ്ണന്‍ കെ എസ്,  തൊഴിലുറപ്പ് എ.ഇ ഉമാദേവി കെ.ആര്‍, മുഹമ്മദ് സാബിര്‍, ജിജോമോന്‍ എന്നിവര്‍ പങ്കെടുത്തു.

date