Skip to main content

പ്രാദേശിക വികസന ഫണ്ടിലെ എല്ലാ പ്രവർത്തികളും അടിയന്തരമായി പൂർത്തീകരിക്കണം: തോമസ് ചാഴികാടൻ എം.പി.

കോട്ടയം: പ്രാദേശിക ആവശ്യം മുൻനിർത്തി ജനങ്ങൾക്കായി എം.പി. ലാഡ്‌സിൽ നിർദേശിക്കുന്ന പ്രവർത്തികളുടെ വിനിയോഗം ത്വരിതപ്പെടുത്തണമെന്ന് തോമസ്് ചാഴികാടൻ എം.പി. നിർദേശിച്ചു. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൻ കീഴിൽ നിർദ്ദേശിച്ച എല്ലാ പ്രവർത്തികളും അടിയന്തരമായി പൂർത്തീകരിക്കണമെന്നും, പദ്ധതികളുടെ സാങ്കേതിക അനുമതി ടെൻഡർ എന്നിവ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉടനടി ഉറപ്പാക്കണമെന്നും കളക്‌ട്രേറ്റിൽ ചേർന്ന എംപിലാഡ്‌സ് അവലോകന യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ലഭിച്ച ഏഴുകോടി രൂപയിൽ ആറു കോടിയോളം രൂപ (86%)നാളിതുവരെ ചിലവഴിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 2019-20 596.11 ലക്ഷം രൂപയുടെ പ്രവർത്തികൾ നിർദ്ദേശിച്ച 57 പദ്ധതികളിൽ 57 എണ്ണത്തിനും (587.15 ലക്ഷം രൂപ) ഭരണാനുമതി നൽകി. ഇതിൽ 38 എണ്ണം പൂർത്തീകരിച്ചു. 19 എണ്ണം അവസാനഘട്ടത്തിലാണ്. 2021-22 ൽ 307.34 ലക്ഷം രൂപയുടെ 35 പദ്ധതികൾ നിർദേശിച്ചതിൽ 34 എണ്ണത്തിനു (294.42 ലക്ഷം രൂപയുടെ) ഭരണാനുമതി നൽകി. 12 എണ്ണം പൂർത്തീകരിച്ചു. 2022-23 ൽ 930.30 ലക്ഷം രൂപയുടെ 142 പ്രവർത്തികൾ ഇതുവരെ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ 33 (275.94 ലക്ഷം രൂപയുടെ)  പദ്ധതികൾക്ക് ഭരണാനുമതി നൽകി. 108.00 ലക്ഷം രൂപ ചെലവഴിച്ചു.
 കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, ഗവൺമെന്റ് ദന്തൽ കോളേജിലേക്ക് ടി.എം.ജെ ആർത്രോസ്‌കോപ്പിക് മെഷീൻ, വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ആബുലൻസുകൾ, സർക്കാർ സ്‌കൂളുകളിലേക്ക് ബസ്സുകൾ, കുടിവെള്ള പദ്ധതികൾ, ഗ്രാമീണ റോഡുകൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ എംപിലാഡ്‌സ് പ്രവർത്തികളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ അദ്ധ്യക്ഷത വഹിക്കുകയും, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, നിർവഹണ ഉദ്യോഗസ്ഥർ, സാങ്കേതിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date