Skip to main content

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ച് കലാജാഥ

 സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ ജില്ലയിലെത്തി. കൊച്ചിന്‍ കലാഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ 14 ദിവസം പര്യടനം നടത്തുന്ന ജാഥയുടെ ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. മാവേലിക്കര പ്രൈവറ്റ് സ്റ്റാന്‍ഡിനു സമീപം നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. 

വീടില്ലാത്തവര്‍ക്ക് വീട്, പട്ടയമില്ലാത്തവര്‍ക്ക് പട്ടയം എന്നിവ നല്‍കുക മുതല്‍ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കുക, ആരോഗ്യ കേന്ദ്രങ്ങളില്‍ മികവുറ്റ സേവനങ്ങള്‍ ഉറപ്പാക്കുക എന്നിങ്ങനെ സര്‍വതലങ്ങളും സ്പര്‍ശിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കൊണ്ടുള്ള ലക്ഷ്യമെന്ന് എം.എല്‍.എ. പറഞ്ഞു. എ.ആര്‍. സ്മാരക സമിതി സെക്രട്ടറി വി.ഐ. ജോണ്‍സന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

ആലപ്പുഴ ബീച്ചിലെത്തിയ ജാഥയ്ക്ക് എച്ച്. സലാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വികസനപാതയിലൂടെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച് നടക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. ആലപ്പുഴ ബീച്ചിനോടു ചേര്‍ന്നു അതിവേഗത്തില്‍ നടന്നു വരുന്ന ദേശീയപാത വികസനം സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ കേവലമൊരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ പാട്ടും അഭിനയവും അനുകരണവും ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച ജാഥ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വരവേറ്റു. 

കായംകുളത്തെത്തിയ ജാഥയ്ക്ക് നഗരസഭ അധ്യക്ഷ പി. ശശികലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചെങ്ങന്നൂര്‍, എടത്വ, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി., കലവൂര്‍, ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി., തുറവൂര്‍ എന്നിവിടങ്ങളില്‍ സംഘം പരിപാടികള്‍ അവതരിപ്പിച്ചു. രഞ്ജീവ് കുമാര്‍ കലാഭവന്‍, അജിത് കോഴിക്കോട്, ജോണ്‍സന്‍ കാരിതാസ്, ബിനീഷ് സി.ജി., ഫെബിന അമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടികള്‍ അവതരിപ്പിച്ചത്. ക്രൗഡ് കണക്ട് എന്റര്‍ടെയിന്റ്‌മെന്‍സാണ് പരിപാടിയുടെ ഏകോപനം.
 

date