Skip to main content

ജില്ലയിലെ 22 സബ്‌സെന്ററുകൾ  ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

 ജില്ലയിലെ 22 ആരോഗ്യ സബ് സെന്ററുകൾ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൻരെ ഭാഗമായുള്ള മൂന്നാം 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ ആരോഗ്യ സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ കഴിഞ്ഞ ദിവസം നിർവഹിച്ചു. പ്രാഥമിക തലത്തിൽ പൊതുജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പച്ചക്കാട്, ഇലിപ്പകുളം, എടക്കുന്നം, കൊച്ചുമുറി, സൗത്ത് മങ്കുഴി, മറ്റപ്പള്ളി, കുന്നം, പെണ്ണക്കര, ആയാപറമ്പ്, ആറാട്ടുപുഴ നോർത്ത്, കളർകോട് ഐ.സി.ഡി.എസ്, ഒറ്റപ്പന ഐ.സി.ഡി.എസ്, വേടരപ്ലാവ്, കടുവിനാൽ, ചെറുകര, പുലിമേൽ, താമരക്കുളം, ഭരണിക്കാവ്, പാണാവള്ളി, മണ്ടപരിയാരം, പുറക്കാട്, നൂറനാട് നോർത്ത് എന്നിവിടങ്ങളിലാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. ആഴ്ചയിൽ ആറു ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4വരെ ഇവിടെ നിന്നും സേവനം ലഭിക്കും. ടെലിമെഡിസിൻ സംവിധാനം, ലാബ് പരിശോധന തുടങ്ങിയവയും ഇവിടെയുണ്ട്. കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധന മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 
2019-2020ൽ എൻ.എച്ച്.എം. പി.ഐ.പിയിൽ ഉൾപ്പെടുത്തി ഓരോ സബ് സെന്ററിനും 7 ലക്ഷം രൂപ വീതവും നൂറനാട് നോർത്തിൽ വെള്ളപ്പൊക്ക നിർമാണ പ്രവർത്തനത്തിനായി 43.94 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇത് വിനിയോഗിച്ചാണ്  നിർമാണം പൂർത്തികരിച്ചത്.

date