Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. സംസ്ഥാന സർക്കാരിന്റെ വികസനക്കാഴ്ചകൾ നേരിൽ കാണാനും കലാ സാംസ്ക്കാരിക പരിപാടികൾ ആസ്വദിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് മേളയിൽ എത്തിയത്. മെയ് 12 മുതൽ ഏഴു ദിവസങ്ങളിലായി വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അംഗീകാരങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സാധിച്ചു. 

69 വകുപ്പുകളുടെതായി 190- ഓളം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉത്പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിയത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയുടെ ഭാഗമായി.

360 ഡിഗ്രിയിലെ സെൽഫി ബൂത്തായിരുന്നു മേളയിലെ താരം. മന്ത്രിയും കലക്ടറും കൊച്ചുകുട്ടികളും മുതിർന്നവരുമെല്ലാം  ബൂത്തിൽ എത്തിയിരുന്നു.  ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, തൊഴിൽമേള എന്നിവയുമുണ്ടായിരുന്നു. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും ലഹരി ഉപയോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ നടന്നു.   മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെയും തീരമെെത്രിയുടെയും നേതൃത്വത്തില്‍ വിശാലമായ ഫുഡ്കോര്‍ട്ടും ഒരുങ്ങിയിരുന്നു. 

മേള നടന്ന ദിവസങ്ങളിൽ  വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികള്‍ കാണികളെ ആവേശത്തിലാഴ്ത്തി. സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെയുള്ള പ്രഗത്ഭ കലാ കാരന്മാരാണ് പ്രകടനവുമായി എന്റെ കേരളം അരങ്ങിലെത്തിയത്.

date