Skip to main content

കരുതലും കൈത്താങ്ങും: വടകര അദാലത്തിൽ നടപടി പൂർത്തിയാക്കിയത് 973 പരാതികൾക്ക് 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 1041 പരാതികളായിരുന്നു അദാലത്തിലേക്ക് ലഭിച്ചിരുന്നത്. ഇതിൽ 973 പരാതികളിൽമേൽ  നടപടി പൂർത്തിയാക്കി. 495 പുതിയ പരാതികളും ലഭിച്ചു. 

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ വടകര ടൗൺ ഹാളിലാണ് അദാലത്ത് നടന്നത്.
23 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ  അനുവദിച്ചു. ഭൂമി തരം മാറ്റൽ, വഴി പ്രശ്നങ്ങൾ, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സഹായ ധനം അനുവദിക്കൽ തുടങ്ങി വിവിധ പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

എം.എൽ.എമാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date