Skip to main content

കരുതലും കൈത്താങ്ങും: വടകര താലൂക്ക് അദാലത്തിൽ വിതരണം ചെയ്തത് 23 മുൻഗണന കാർഡുകൾ

 

കരുതലും കൈത്താങ്ങും വടകര  താലൂക്ക് അദാലത്തിൽ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതിന്റെ സന്തോഷത്തിലാണ് സതിയും, പത്മിനിയും പ്രസന്നയുമെല്ലാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അദാലത്തിലാണ് എപിഎൽ കാർഡിൽ നിന്ന് ഇവരെല്ലാം ബിപിഎൽ ആയത്. 

ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങളുടെ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്താം എന്നായിരുന്നു സർക്കാരിന്റെ നിർദേശം. ഇത് പ്രകാരം 98 അപേക്ഷകളാണ് വടകര താലൂക്കിൽ ലഭിച്ചത്. വിശദമായ പരിശോധനയിൽ 23പേർ മുൻഗണന കാർഡിലേക്ക് മാറ്റാൻ യോഗ്യരാണെന്ന് കണ്ടെത്തി. ഇവർക്കാണ് അദാലത്തിൽ വെച്ച് പുതിയ റേഷൻ കാർഡുകൾ നൽകിയത്. 

വടകര  ടൗൺഹാളിൽ നടന്ന താലൂക്ക് അദാലത്തിൽ  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ കാർഡുകൾ വിതരണം ചെയ്തു. എംഎൽഎമാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date