Skip to main content

എബിസി സെന്ററിന്റെ പ്രവർത്തനം: വാർത്ത വസ്തുതാ വിരുദ്ധം-ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

പടിയൂർ എബിസി സെന്ററിന്റെ പ്രവർത്തനം താളം തെറ്റുന്നു എന്ന രീതിയിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അറിയിച്ചു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സെന്ററിൽ 50 നായകളെ പാർപ്പിക്കാനുള്ള കൂടുകളാണ് നിലവിലുള്ളത്. ഒരു വെറ്ററിനറി സർജൻ, ഒരു ഓപ്പറേഷൻ തിയേറ്റർ സഹായി, നാല് ഡോഗ് ഹാൻഡ്‌ലേഴ്‌സ്, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവർ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനമാരംഭിച്ചത് മുതൽ നാളിതുവരെ 980 നായ്ക്കളെ കേന്ദ്രത്തിൽ നിന്നും വന്ധീകരണം നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നാലോ അഞ്ചോ ദിവസം മുറിവുണങ്ങുന്നതിനായി നായ്ക്കളെ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടിവരും. നിലവിൽ 48 നായകൾ കേന്ദ്രത്തിലുണ്ട്. അധികമായി 50 കൂടുകൾ നിർമ്മിക്കൽ, ചുറ്റുമതിൽ ഉയരം കൂട്ടൽ, ട്രെസ്സ് വർക്ക്, വാട്ടർ പ്യൂരിഫയർ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ ഈ വർഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മിതി കേന്ദ്രം സമർപ്പിച്ച എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചിട്ടുണ്ട്. പ്രവൃത്തികൾ ഉടൻ ഉടൻ പൂർത്തീകരിക്കും. കൂടുതൽ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സംവിധാനമാണ് പടിയൂരിൽ സജ്ജമാവുന്നത്. എബിസി പദ്ധതികൾക്കുള്ള വിഹിതമായി 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 65,42,856 രൂപ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലാ പഞ്ചായത്ത് വിഹിതമായി 20 ലക്ഷം രൂപ അടക്കം ആകെ 85,42,856 രൂപ എബിസി പദ്ധതിക്കായി ഈ വർഷവും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സെന്റർ ആണ് കണ്ണൂരിലേത്. നിലവിൽ പ്രതിദിനം ശരാശരി എട്ട് ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. അധികമായി നിർമ്മിക്കുന്ന കൂടുകളുടെ പണി പൂർത്തിയായാൽ പ്രതിദിന ശസ്ത്രക്രിയയുടെ എണ്ണം ഇരട്ടിയാക്കാൻ സാധിക്കും. അതിനായി വെറ്റിനറി സർജൻ അടക്കമുള്ള ജീവനക്കാരെ അധികമായി നിയമിക്കുമെന്നും പ്രസിഡൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

date